നവീൻ ബാബുവിന്‍റെ മരണം ; നേരത്തെ നൽകിയ മൊഴിയിലുറച്ച് കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ
കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ നേരത്തെ നൽകിയ മൊഴിയിൽ ഉറച്ചുനിന്നതായി സൂചന. വിവാദമുണ്ടായ സാഹചര്യത്തിലും കലക്ടർ നേരത്തെ നൽകിയ മൊഴിയിൽ നിന്നും പിൻമാറിയില്ലെന്നാണ് വിവരം.
പ്രത്യേക അന്വേഷണ സംഘമാണ് കലക്ടറുടെ ഓഫിസിൽ നിന്നും
മൊഴി എടുത്തത്. 'തനിക്ക് തെറ്റുപറ്റി' എന്ന് എഡിഎം തന്നോട് ഒക്ടോബർ 14 ന് വൈകിട്ട് യാത്രയയപ്പ് യോഗം കഴിഞ്ഞതിനു ശേഷം ചേംബറിൽ വന്നുപറഞ്ഞെന്ന കലക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു.
ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുത്തത്. തനിക്ക് തെറ്റുപറ്റിയെന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കലക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്ത് എത്തിയിരുന്നു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ രക്ഷിക്കാൻ കലക്ടർ കൂട്ട് നിൽക്കുകയാണെന്നായിരുന്നു ആരോപണം. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ പോയതിന് പിറകെയാണ് നടപടി.