മലപ്പുറം ജില്ലയിലെ ദേശീയപാത വികസനം അടുത്ത ഏപ്രിൽ മാസത്തോടെ യാഥാർത്ഥ്യമാകും: മന്ത്രി മുഹമ്മദ് റിയാസ്
മലപ്പുറം : ദേശീയപാത 66 ൻ്റെ മലപ്പുറം ജില്ലയിലെ രണ്ട് സ്ട്രച്ചുകളുടെയും നിർമ്മാണം അടുത്തവർഷം ഏപ്രിൽ മാസത്തോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഒരു സ്ട്രച്ചിന്റെ പ്രവൃത്തിയും ഇതോടൊപ്പം തീരും. ബാക്കി പ്രവൃത്തികൾ കൂടി പൂർത്തിയാക്കി 2025 ഡിസംബർ മാസത്തോടുകൂടി കാസർഗോഡ് മുതൽ എറണാകുളം വരെ 45 മീറ്റർ വീതിയുള്ള ആറു വരി ദേശീയപാത ഗതാഗതത്തിന് തുറന്നു കൊടുക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഈ വലിയ പദ്ധതി 2026 ലെ പുതുവർഷ സമ്മാനമായി നാടിന് സമർപ്പിക്കാൻ ആവും. ഇതോടൊപ്പം ഒരുപാട് കാലമായി വലിയ പ്രതിസന്ധിയിൽ കിടന്നിരുന്ന കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസിൻ്റെ വികസനവും യാഥാർത്ഥ്യമാവുകയാണ്. ദേശീയപാതയുടെ ഭാഗമായ 37 കിലോമീറ്റർ നീളമുള്ള ഈ സ്ട്രച്ചിന്റെ 87 ശതമാനം ജോലികളും ഇതിനകം പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ മാസത്തോടെ ഇതിൻ്റെ പ്രവൃത്തികളും പൂർത്തിയാക്കാൻ ആവുമെന്ന് മന്ത്രി പറഞ്ഞു. കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ബുധനാഴ്ച വൈകിട്ട് സ്ഥലം സന്ദർശിച്ച മന്ത്രി നിർമ്മാണ പ്രവൃത്തികൾ നോക്കിക്കാണുകയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
സംസ്ഥാനത്തെ ദേശീയപാതയുടെ നിർമ്മാണം സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും ഒരു മനസ്സും ഒരു ശരീരവുമായി ഒത്തൊരുമിച്ച് നിന്നാണ് പൂർത്തിയാക്കുന്നതെന്ന് മന്ത്രി റിയാസ് പറഞ്ഞു. ദേശീയപാതയുടെ വികസനം ഏറ്റവും വേഗത്തിൽ നടക്കുന്നത് കേരളത്തിലാണ്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഇതിൻ്റെ അവലോകനം നടത്തുന്നുണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുഴുവൻ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള അവലോകനവും നടക്കുന്നു. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലും കൃത്യമായ ഇടവേളകളിൽ അവലോകനം നടക്കുന്നുണ്ട്. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന സർക്കാരിൻ്റെ കൂടി സാമ്പത്തിക സഹായത്തോടുകൂടിയാണ് ദേശീയപാത 66 യാഥാർത്ഥ്യമാകുന്നത്. ഈ ദേശീയപാതയുടെ സ്ഥലമെടുപ്പിനായി 5600 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള പിന്തുണയോടെയാണ് കേരളത്തിൻ്റ ഈ ചിരകാല സ്വപ്നം യാഥാർത്ഥ്യമാവാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.