അടൂരിലെ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ; മരിച്ച അധ്യാപികയെ വാഹനം തടഞ്ഞുനിര്‍ത്തി ഹാഷിം കുട്ടിക്കൊണ്ടുപോയതെന്ന് മൊഴി

google news
accident

അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകര്‍ക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.ഏഴംകുളം പട്ടാഴിമുക്കില്‍ വച്ചാണ് കണ്ടെയ്‌നര്‍ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

Tags