ഇടതു കോട്ടയിൽ ഭൂരിപക്ഷം വർധിപ്പിക്കാൻ എം വി ജയരാജൻ

google news
MV Jayarajan

തളിപ്പറമ്പ് : ഇടതു കോട്ടയിൽ ഭൂരിപക്ഷം വർധിപ്പിക്കാൻ എം വി ജയരാജൻ. എൽഡിഎഫ് സ്ഥാനാർത്ഥി ജയരാജന്റെ പൊതു പര്യടനത്തിന്റെ തുടക്കം തന്നെ വിജയത്തിന്റെ കാഹളമായി. വെന്തുരുകുന്ന ചൂടിലും സ്ഥാനാർത്ഥിയെ കാണാൻ കൈകുഞ്ഞുങ്ങളെയും ഒക്കത്തിരുത്തി അമ്മമാരും പ്രായമേറിയവരും സ്വീകരണ കേന്ദ്രത്തിലെത്തുകയാണ്,

ഇലക്ട്രറൽ ബോണ്ടും നൂറുകോടിക്ക് എം പിയെ വിലക്ക് വാങ്ങുന്ന ബിജെപി രാഷ്ട്രീയവും തുറന്ന് കാട്ടി സ്ഥാനാർത്ഥിയുടെ ലഘു പ്രസംഗം, ഒപ്പം   കേരളത്തിലെ ഇടതു സർക്കാർ സാമ്പത്തിക പ്രതിസന്ധിക്കിടയിലും നടത്തുന്ന വികസന പ്രവർത്തനങ്ങളും  തുറന്നുകാട്ടുന്നു. സ്ഥാനാർത്ഥിയെയും വഹിച്ചുള്ള വാഹനത്തിന്റെ മുന്നിലായി അനൗൺസ്‌മെന്റ് വാഹനം എത്തുമ്പോഴേക്കും സ്വീകരണത്തിനെത്തിയവർക്ക് പുറമെ പല ഭാഗത്ത് നിന്നും ആളുകളൊത്തു കൂടുകയാണ്.  

 MV Jayarajan

കഴിഞ്ഞ അഞ്ചുവർഷം തളിപ്പറമ്പ് മണ്ഡലത്തിൽ നടന്ന നിരവധിയായ പൊതുപരിപാടികളിൽ ഒരെണ്ണത്തിന് പോലും തലകാണിക്കാത്ത കണ്ണൂർ എംപിയുടെ  വികസന വിരുദ്ധ നിലപാടുകൾ ഓരോന്നായി എണ്ണിപറഞ്ഞാണ് പ്രസംഗം. ബലൂണുകളേന്തി കുട്ടികളും മുത്തുക്കുടകളുമായി യുവതികളും ബാന്റുവാദ്യങ്ങളും ചെണ്ടവാദ്യ സംഘങ്ങളുമായി സ്ത്രീകളും ബൈക്ക് റാലിയുമായി യുവാക്കളും  സ്ഥാനാർഥിയുടെ ചിത്രം പതിച്ച ടീഷർട്ട് ധരിച്ചെത്തിയവരും സ്വീകരണ കേന്ദ്രങ്ങളിൽ ആവേശമായി സ്ഥാനാർഥിയെ വരവേറ്റു.

 MV Jayarajan

വടക്കാഞ്ചേരി വെളുത്തൂൽകാവ് ജങ്ഷനിൽനടന്ന ആദ്യ സ്വീകരണം  സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു.  കെ വി ഗോപിനാഥ് അധ്യക്ഷനായി.  എം എം രവീന്ദ്രൻ  സ്വാഗതം പറഞ്ഞു. പാർലമെന്റ് മണ്ഡലം സെക്രട്ടറി എൻ ചന്ദ്രൻ, പ്രസിഡന്റ് സിപി സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.  പള്ളിവയൽ,  കരിമ്പം പാറക്കണ്ടത്തിൽ, ചവനപ്പുഴ നോർത്ത്, പൂമംഗലം പാച്ചേനി സ്മാരക വായനശാലക്ക് സമീപം, മഴൂർ, പടപ്പേങ്ങാട് ടൗൺ, ചാണോക്കുണ്ടിൽ , കട്ടയാൽ,   തലവിൽ രാമപുരം,  കാഞ്ഞിരങ്ങാട്, വെള്ളാവ്, പാച്ചേനി മേനച്ചൂരിൽ, പരിയാരം, സി പൊയിലിൽ  കുപ്പം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

കീഴാറ്റൂരിൽ  അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന  വയൽക്കിളി സമരനേതാവായിരുന്ന  സുരേഷ് കീഴാറ്റൂരിനെ വീട്ടിൽ സന്ദർശിച്ച്  വോട്ടഭ്യർഥിച്ചു.  തൃച്ചംബരത്ത് നൽകിയ സ്വീകരണത്തിൽ   രക്തസാക്ഷി ധീരജ് രാജേന്ദ്രന്റെ അച്ഛൻ രാജേന്ദ്രൻ, അമ്മ പുഷ്‌കല, സഹോദരൻ അദ്വൈത് എന്നിവർ പങ്കെടുത്തു.  കോടല്ലൂർ ഉദയ,  കൂവോട്, മോറാഴ ചേരയ,  സി എച്ച് നഗറർ, പുന്നക്കുളങ്ങര വായനശാല, അയ്യങ്കോൽ,  ഇരുമ്പ് കല്ലിൻ എന്നിവിടങ്ങളിലും സ്വീകരണമേറ്റുവാങ്ങി.    വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ കെ ജയപ്രകാശ്,  വേലിക്കാത്ത് രാഘവൻ, ടി എസ് ജയിംസ്, പി കെ മുജീബ് റഹ്‌മാൻ, കെ സാജൻ, പി പി വിനോദ്കുമാർ, ജോജി ആനിത്തോട്ടം, വർഗീസ്, മീത്തൽ കരുണാകരൻ എന്നിവരും കൂടെയുണ്ടായി.  വ്യാഴാഴ്ച അഴീക്കോട് മണ്ഡലത്തിലാണ് പര്യടനം.

 MV Jayarajan

Tags