'തന്തക്ക് പറയുമ്പോൾ അതിനുമപ്പുറം പറയണം' : സുരേഷ് ഗോപിയുടെ ഒറ്റതന്ത പ്രയോഗത്തിന് മറുപടിയില്ലെന്ന് എംവി ഗോവിന്ദൻ
പാലക്കാട്: തന്തക്ക് പറയുമ്പോൾ അതിനുമപ്പുറമുള്ള തന്തയുടെ തന്തക്കാണ് പറയേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ ഒന്നും പറയുന്നില്ല. ഇതിനുള്ള മറുപടി വി ഡി സതീശൻ പറഞ്ഞാൽ മതിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളോട് ആയിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
കെ മുരളീധരൻ നിയമസഭയിൽ എത്തുന്നത് വിഡി സതീശന് ഇഷ്ടമല്ല. അതുകൊണ്ടാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയായി യുഡിഎഫ് പരിഗണിക്കാതിരുന്നത്. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ നടക്കുന്നവർ നിരവധിയുണ്ട്. അഞ്ചോ ആറോ ആളുകളാണ് മുഖ്യമന്ത്രിയാകാൻ നടക്കുന്നത്. അതിൽ മുരളീധരനും ഉണ്ട്.
അതിനാലാണ് പാലക്കാട്ടെ ഡിസിസി ഏകകണ്ഠമായി മുരളീധരൻറെ പേര് നിർദേശിച്ചിട്ടും വിഡി സതീശൻ തള്ളിക്കളഞ്ഞത്. പാലക്കാട് സിപിഎമ്മും യുഡിഎഫും തമ്മിലാണ് മത്സരം. ഇ ശ്രീധരന് കിട്ടിയ വോട്ട് പോലും ഇത്തവണ ബിജെപിക്ക് കിട്ടില്ല. കല്പാത്തി രഥോത്സവം കലങ്ങാൻ അനുവദിക്കില്ല. ചേലക്കരയിൽ സിഐടിയുക്കാരൻ അപരൻ ആയതിനെക്കുറിച്ച് അറിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.