പയ്യാമ്പലത്ത് സിപിഐ എം നേതാക്കളുടെ സ്മൃതികുടീരം വികൃതമാക്കിയതിൽ സമഗ്രാന്വേഷണം വേണം: എം വി ഗോവിന്ദൻ

A comprehensive inquiry into the defacement of CPI(M) leader's memorial in Payyambalam: MV Govindan

 കണ്ണൂർ : പയ്യാമ്പലത്ത് സിപിഐ എം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികലമാക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എൽഡിഎഫ് മുന്നേറ്റം നടക്കുന്നതിനിടെ രാഷ്ട്രീയവിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് അന്വേഷിക്കണമെന്നും സംഭവസ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.


 കണ്ണൂരിൽ രാഷ്ട്രീയസംഘർഷമുണ്ടായകാലത്തുപോലും സ്മൃതികുടീരങ്ങൾ ആക്രമിക്കപ്പെട്ടില്ല. രക്തസാക്ഷികളുടെയും ഉന്നത നേതാക്കളുടെയും സ്മൃതികുടീരങ്ങളെ ജനങ്ങൾ വൈകാരികമായാണ് കാണുന്നത്. അതിനുനേരേ ആക്രമണം നടത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കാൻ സാധ്യതയുള്ളതാണ്. അതിനാൽ, രാഷ്ട്രീയ ഗൂഢാലോചന ഇതിനുപിന്നിലുണ്ടോയെന്നതും അന്വേഷണവിധേയമാക്കണം. ശക്തമായ പ്രതിഷേധം ഉയർത്തുമ്പോഴും  പ്രവർത്തകർ ആത്മസംയമനം പാലിക്കണം. ഒരു പ്രകോപനത്തിനും വിധേയരാകരുതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.  


   പയ്യാമ്പലത്തെ സിപിഐ (എം) നേതാക്കളുടെ സ്മൃതികൂടീരങ്ങൾ വികൃതമാക്കിയ സംഭവം കണ്ണൂരിൻറെ സമധാനന്തരീക്ഷം തകർക്കാനുള്ള രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് സിപിഐ (എം) ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി.രാജേഷ് പ്രസ്താവനയിൽ പറഞ്ഞു.  വർഷങ്ങളായി സമാധാനാന്തരീക്ഷം നിലനിൽക്കുന്ന കണ്ണൂർ ജില്ലയിൽ ബോധപൂർവ്വം കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ചിലരുടെ രാഷ്ട്രീയ ഗൂഢാലോചന ഈ സംഭവത്തിന് പിന്നിലുണ്ട്. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സിപിഐ എം പോലീസിന് പരാതി നൽകിയിട്ടുണ്ട്.


എൽ.ഡി.എഫിന് ലഭിക്കുന്ന സ്വീകാര്യതയിലും പിന്തുണയിലും വിറളിപൂണ്ട ശക്തികളാണ് ഈ സംഭവത്തിൻറെ പിന്നിൽ സമാധാനാന്തരീക്ഷം തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ പ്രവർത്തകർ പ്രകോപനത്തിൽ വീണുപോകരുത്. പൂർണ്ണമായും സംയമനം പാലിക്കണം. ഇത്തരം തെറ്റായ നീക്കങ്ങളെ കരുതലോടെ കാണണമെന്നും ടി വി രാജേഷ് പ്രസ്താവനയിൽ പറഞ്ഞു.

Tags