കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും അലര്‍ട്ടുകളും മാറിമറിയുന്നു : എം വി ഗോവിന്ദന്‍ മാസ്റ്റർ
mv govindan master

കണ്ണൂര്‍: കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും അലര്‍ട്ടുകളും മാറിമറിയുന്നതായി മന്ത്രി എം.വി. ഗോവിന്ദന്‍. കണ്ണൂരിലെ മഴദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥയെ കുറിച്ചുള്ള അറിയിപ്പൊന്നും ശരിയല്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ട് അവര്‍ തന്നെ പിന്‍വലിച്ചു. പ്രഖ്യാപിച്ചതുകൊണ്ടോ പറഞ്ഞതുകൊണ്ടോ കാര്യമില്ല. നേരിടുകയേ മാര്‍ഗമുള്ളൂ. എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിന്ന് ഏതൊരു പ്രതികൂല സാഹചര്യത്തെയും അഭിമുഖീകരിക്കാനുള്ള കഴിവും തന്റേടവും കേരളജനതയ്ക്കുണ്ട്. പ്രത്യേകിച്ച് ഈ മേഖലയില്‍ ഉള്ളവര്‍ക്കുണ്ട്- ഗോവിന്ദന്‍ പറഞ്ഞു.

വിവിധ തരത്തിലുള്ള അപകടങ്ങളാണ് കോളയാട്, കണിച്ചാറ്, പേരാവൂര്‍, കേളകം തുടങ്ങിയ മേഖലകളിലുണ്ടായിട്ടുള്ളത്. എത്രസ്ഥലത്താണ് കൃത്യമായി ഉരുള്‍പൊട്ടിയതെന്ന് പോലും പറയാന്‍ സാധിക്കാത്ത വിധത്തില്‍ മുപ്പതോളം ഇടങ്ങളില്‍ ചെറിയരീതിയിലുള്ള ഉരുള്‍ പൊട്ടലുണ്ടായിട്ടുണ്ട്- മന്ത്രി പറഞ്ഞു.

വലിയപാറകള്‍ വീണിട്ടുണ്ട്. വീടുകള്‍ തകരുകയും ഒറ്റപ്പെട്ടു പോയിട്ടുമുണ്ട്. ക്വാറികളുടെ പ്രശ്‌നം നാട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ക്വാറി പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. വീട്, ഭൂമി എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. നാശനഷ്ടം വിവിധ വകുപ്പുകള്‍ അതിവേഗം കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ. സുധാകരന്‍ എം.പി., എം.എല്‍.എമാരായ സണ്ണി ജോസഫ്, കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, സജി ജോസഫ് തുടങ്ങിയവര്‍ രാവിലെ മുതല്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. എല്ലായിടവും സന്ദര്‍ശിച്ചു. രാഷട്രീയഭേദമില്ലാതെയാണ് പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. വളരെ ചെറിയ മഴ പെയ്യുമ്പോള്‍ തന്നെ വളരെ വലിയ ഉരുള്‍പൊട്ടാലാണ് ഉണ്ടാവുന്നത്. ഇത് പ്രകൃതിയുടെ പ്രശ്‌നം മാത്രമല്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നം കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

Share this story