പ്രണയ പശ്ചാത്തലം; മുവാറ്റുപുഴ നിർമല കോളജിന്റെ പരസ്യം പിൻവലിച്ചു

google news
Love Background; Muvattupuzha Nirmala College advertisement withdrawn

മുവാറ്റുപുഴ: പ്രണയം പശ്ചാത്തലമാക്കിയ മുവാറ്റുപുഴ നിർമല കോളജിന്റെ പരസ്യം പിൻവലിച്ചു. വിമർശനം രൂക്ഷമായതോടെയാണ് കോളജ് മാനേജ്‌മെന്റ് പരസ്യം പിൻവലിച്ചത്. പുതിയ അധ്യായന വർഷത്തിലെ അഡ്മിഷൻ ക്ഷണിച്ചായിരുന്നു പരസ്യം.ലൈബ്രറി മുറിക്കുള്ളിലെ പ്രണയമായിരുന്നു പരസ്യചിത്രത്തിന്റെ ആശയം. 


കോളജിന്റെ പ്രഖ്യാപിത മൂല്യങ്ങൾക്ക് എതിരാണ് പരസ്യമെന്ന് കോതമംഗലം രൂപത പ്രതികരിച്ചു. കഴിഞ്ഞദിവസമാണ് കോളജിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പരസ്യ ചിത്രം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ അബദ്ധം സംഭവിച്ചാണ് കോളജിന്റെ സോഷ്യൽ മീഡിയ പേജുകളിലെത്തിയതെന്ന് മാനേജ്‌മെന്റിന്റെ വിശദീകരണം. സ്വകാര്യ പരസ്യ ഏജൻസി വഴിയാണ് പരസ്യം നിർമ്മിച്ചിരുന്നത്.

ചിത്രീകരണം പൂർത്തിയായി പ്രിവ്യൂ നടന്നപ്പോൾ തന്നെ ഇത് കോളജിന് എതിരാണെന്നും പ്രചരിപ്പിക്കാൻ പാടില്ലെന്നും പരസ്യ ഏജൻസിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ അപ്ലോഡ് ചെയ്ത കോളജിന്റെ പരസ്യങ്ങൾക്കൊപ്പം ഇത് അബദ്ധത്തിൽ പ്രസിദ്ധീകരിച്ചുപോയതെന്നാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്. പരസ്യം പിൻവലിച്ചിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിമർശനം തുടർന്നതോടെയാണ് ഖേദം പ്രകടിപ്പിച്ച് കോതമംഗലം രൂപത പ്രസ്താവന പുറത്തിറക്കുന്നത്.

Tags