സാങ്കേതിക തകരാര്‍ മൂലം നിര്‍ത്തിവെച്ച മഞ്ഞ കാര്‍ഡുകളുടെ മസ്റ്ററിങ് ഇന്നും തുടരും

gr-anil

സാങ്കേതിക തകരാറിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരും. മഞ്ഞ കാര്‍ഡുകാര്‍ക്ക് മസ്റ്ററിങ്ങിനൊപ്പം അരി വാങ്ങാനും റേഷന്‍ കടകളില്‍ സൗകര്യമുണ്ടാകും. അതേസമയം അടിയന്തര ഘട്ടങ്ങളില്‍ പിങ്ക് കാര്‍ഡുടമകളെയും പരിഗണിക്കണമെന്ന് മന്ത്രി ജി ആര്‍ അനില്‍ നിര്‍ദേശിച്ചു. പിങ്ക് കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് തീയതി നാളെ അറിയിക്കും. ഇന്നും നാളെയും മറ്റു കാര്‍ഡുകാര്‍ക്ക് അരിവിതരണവും ഉണ്ടാകില്ലയെന്നും മന്ത്രി പറഞ്ഞു.

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ക്ക് ഇന്നലെ മുതല്‍ മസ്റ്ററിങ് ഉണ്ടാകുമെന്നായിരുന്നു ആദ്യം നല്‍കിയ അറിയിപ്പ്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും ഇന്നലെ ഒരാളുടെ മസ്റ്ററിങ് പോലും നടത്താനായില്ല. ഉച്ചയോടെ പ്രശ്‌നം താത്കാലികമായി പരിഹരിച്ചു.


ഇന്നലെ 1,76,408 പേരുടെ മസ്റ്ററിങ് നടത്തിയെന്നാണ് ഭക്ഷവകുപ്പിന്റെ കണക്ക്. മസ്റ്ററിങ് ദിവസം അരി വിതരണം പാടില്ലെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതാണ്. ചില റേഷന്‍ കട വ്യാപാരികള്‍ അരി വിതരണം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മന്ത്രി ജിആര്‍ അനില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്നും നാളെയും മഞ്ഞ കാര്‍ഡിന് മാത്രമാണ് മസ്റ്ററിങ് നടത്തുക. പിങ്ക് കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് തീയതി പിന്നീട് അറിയിക്കും. മാര്‍ച്ച് 31നകം മസ്റ്ററിങ് പൂര്‍ത്തീകരിക്കണമെന്ന് നിര്‍ബന്ധം ഇല്ലെന്നും മന്ത്രി പറഞ്ഞു.

Tags