മുസ്ലിം ലീഗ് ഒരിക്കലും എൽ.ഡി.എഫിലേക്ക് വരില്ല, വന്നാൽ മുഖച്ഛായ നഷ്ടപ്പെടും : വെള്ളാപ്പള്ളി നടേശൻ

Vellappally Natesan
Vellappally Natesan

ആലപ്പുഴ: മുസ്ലിം ലീഗ് ഒരിക്കലും എൽ.ഡി.എഫിലേക്ക് വരില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിനെ എടുത്താൽ എൽ.ഡി.എഫിന്‍റെ മുഖച്ഛായയും മതിപ്പും നഷ്ടപ്പെടും. അതിന് ഇടതുപക്ഷം തയാറാകുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ലീഗും എൽ.ഡി.എഫും തമ്മിൽ ആശയപരമായ വ്യത്യാസമുണ്ട്. ലീഗ് പറയുന്ന എല്ലാ കാര്യങ്ങളും പ്രതിപക്ഷ നേതാവ് സാധിച്ച് കൊടുക്കുന്നുണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ പാണക്കാട്ട് പോയി ക്ഷമ പറഞ്ഞാണ് കോൺഗ്രസ് പോകുന്നത്. മൂന്നാം തവണയും അധികാരം നഷ്ടപ്പെട്ടാൽ കോൺഗ്രസ് കേരളത്തിൽ ഇല്ലാതാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ തന്‍റെ വീട്ടിൽ പോകാൻ പാടില്ലന്ന് ഊരുവിലക്ക് നടത്തിയത് കെ.പി.സി.സി അധ്യക്ഷനായിരുന്ന വി.എം സുധീരനാണ്. ആലുവ പ്രസംഗത്തിന്‍റെ പേരിൽ കേസിൽ കുടുക്കി തന്നെ അകത്താക്കാൻ ശ്രമിച്ചതും സുധീരനാണ്. സത്യം തുറന്നു പറയുമ്പോൾ തന്നെ വ്യക്തിഹത്യ നടത്തി.

കെ.പി.സി.സി വിലക്ക് ഉണ്ടായിരുന്നപ്പോഴും തന്നെ കാണാൻ വന്നവരാണ് വക്കം പുരുഷോത്തമനും കെ. സുധാകരനും. രാഹുൽ മാങ്കൂട്ടത്തിലിന് തന്നെ കാണാൻ അനുമതി നിഷേധിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമായി തനിക്ക് അടുപ്പമില്ല. രണ്ടു തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കെ. സുരേന്ദ്രനുമായി കൂടുതൽ അടുക്കാനുള്ള അവസരം ഉണ്ടായിട്ടില്ല. ബി.ജെ.പിയുടെ സംസ്ഥാന നേതാവ് ആരാകണമെന്ന് അവർ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Tags