മാനവീയം വീഥിയുടെ മുഖം മാറുന്നു; സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് ഹോവറുകള്‍ കൈമാറി നഗരസഭ
തിരുവനന്തപുരം: മാനവീയം വീഥിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ നഗരസഭ പൊലീസിന് ഹോവറുകള്‍ കൈമാറി . സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പത്ത് ഹോവറുകള്‍ സിറ്റി പൊലീസിന് കൈമാറിയത്. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ കഴിയും വിധമാണ് അത്യാധുനിക സംവിധാനം സജ്ജമാക്കിയത്.
ആളുകളുടെ ഇഷ്ട വീഥിയായ മാനവീയം വീഥിയുടെ സുരക്ഷ ഒന്നുകൂടി ഉറപ്പാക്കുകയാണ് തിരുവനന്തപുരം നഗരസഭ. ഹോവറുകള്‍ സജ്ജമാക്കുന്നതോടെ മാനവീയം വീഥിയില്‍ രാത്രിയില്‍ എത്തുന്നവര്‍ക്കും സുരക്ഷിതമായി സമയം ചിലവഴിക്കാനാകും.
മണിക്കൂറില്‍ 18 കിലോമീറ്ററാണ് വേഗത, ഒരുതവണ ചാര്‍ജ് ചെയ്താല്‍ തുടര്‍ച്ചയായി ഏഴുമണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് സജ്ജീകരണം. മുഖം മിനുക്കുന്ന നഗരത്തിന്റെ സുരക്ഷയും സ്മാര്‍ട്ടാകാന്‍ ഹോവറുകള്‍ സഹായമാകുമെന്ന് പരിപാടി ഉത്ഘാടനം ചെയ്ത് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ലഹരി ഉപയോഗിച്ചവരെ കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ക്ക് പുറമെ മോഷണശ്രമം തടയാനുള്ള ആന്റി തെഫ്റ്റ് അലെര്‍ട് സിസ്റ്റം ഉള്‍പ്പടെ ഈ ഇരുചക്ര വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ മറ്റ് മേഖലകളിലും സുരക്ഷാ പരിശോധനകള്‍ക്കായി ഇത്തരം ഹോവറുകള്‍ പ്രയോജനപ്പെടുത്താനുള്ള സാധ്യതയും സിറ്റപൊലീസ് പരിശോധിക്കും.