മുല്ലപ്പെരിയാർ കേസ്: ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

court
court

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം സ്വദേശി ഡോ. ജോസഫാണ് ഹരജി നൽകിയത്. അണക്കെട്ടിന്റെ ഇപ്പോഴത്തെ സുരക്ഷ വിലയിരുത്താൻ കൃത്യമായ സംവിധാനം നിലവിൽ ഇല്ലെന്നാണ് ഹർജിക്കാരന്റെ വാദം.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാന്‍ മേല്‍നോട്ട സമിതി മുല്ലപ്പെരിയാർ സന്ദർശിക്കാറുള്ളു. മേല്‍നോട്ട സമിതി രൂപീകരിച്ച സബ് കമ്മിറ്റിയും മൂന്ന് മാസം കൂടുമ്പോള്‍ മാത്രമാണ് അണക്കെട്ട് സന്ദർശിക്കുന്നതെന്നും ഹരജിയിൽ പറയുന്നു. അതിനാൽ ഡാമിന്റെ സുരക്ഷ ദൈനംദിനം വിലയിരുത്താനുള്ള സംവിധാനം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

ഡാം സുരക്ഷാ അതോറിറ്റി പ്രവർത്തിക്കുന്നത് കേന്ദ്ര ജല്‍ ശക്തി മന്ത്രാലയത്തിൻ്റെ കീഴിലാണ്. 2021-ല്‍ പാര്‍ലമെൻ്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് രൂപം നൽകിയത്. അണക്കെട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ദ്ധരാണ് അതോറിറ്റിയിൽ ഉള്ളത്. അതുകൊണ്ടാണ് കേസില്‍ അതോറിറ്റിയെക്കൂടി കക്ഷിചേര്‍ക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നത്. 

Tags