'ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഫീല്‍ഡിലേക്ക്'; റോഡ് പരിശോധനക്ക് സ്ഥിരം സംവിധാനം; മന്ത്രി പി എ മുഹമ്മദ് റിയാസ്
MUHAMMED RIAS



പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതി നടപ്പിലാക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്ഥിരമായ റോഡ് പരിപാലന പരിശോധനക്കുള്ള ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിക്കുന്നത്.


ചുമതലയുള്ള റോഡുകളില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പരിശോധന നടത്തി പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കുവാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കുവാനാണ് ഉദേശിക്കുന്നത്. ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി ഫീല്‍ഡില്‍ പോയി പരിശോധന നടത്തണം എന്ന പ്രധാന ഉത്തരവാദിത്തം നിര്‍വ്വഹിക്കുവാന്‍ ഈ സംവിധാനം കൊണ്ട് ഭാവിയില്‍ സാദ്ധ്യമാകുമെന്നും മന്ത്രി അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിലവില്‍ പ്രത്യേക സംഘം ജില്ലകളില്‍ പരിശോധന നടത്തി വരികയാണ്. ഈ ടീം പരിശോധനക്ക് ശേഷം നല്‍കുന്ന റിപ്പോര്‍ട്ട് വിലയിരുത്തിയാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

വകുപ്പിലെ നോഡല്‍ ഓഫീസര്‍ ചുമതലയിലുള്ള ഐ എ എസ് ഓഫീസര്‍മാര്‍, ചീഫ് എഞ്ചിനിയര്‍മാര്‍, സൂപ്രണ്ടിംഗ് എഞ്ചിനിയര്‍മാര്‍, എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍മാര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്. ഇതോടൊപ്പം ക്വാളിറ്റി കണ്‍ട്രോള്‍ വിംഗിലെ ഉദ്യോഗസ്ഥരും പരിശോധക സംഘത്തിലുണ്ട്. പരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഈ സംഘം പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിക്കും.

Share this story