എംടി വാസുദേവന്‍ നായരുടെ വിയോഗം ഉള്‍ക്കൊള്ളാനാകുന്നില്ല ; എം കെ മുനീര്‍ എംഎല്‍എ
പ്രത്യേക ഒരു വാത്സല്യം ഞാന്‍ അദ്ദേഹത്തില്‍ നിന്ന് അനുഭവിച്ചിട്ടുണ്ട്.
എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ. തന്നെ സംബന്ധിച്ചിടത്തോളം ഒരു നാഥന്‍ നഷ്ടപ്പെട്ട പ്രതീതിയാണുളളതെന്ന് എം കെ മുനീര്‍ പറഞ്ഞു. 'വാസുവേട്ടനെ കാണാന്‍ എത്ര തവണ വന്നുവെന്ന് എനിക്ക് തന്നെ എണ്ണി തിട്ടപ്പെടുത്താന്‍ കഴിയില്ല. അത്രയും തവണ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്. പ്രത്യേക ഒരു വാത്സല്യം ഞാന്‍ അദ്ദേഹത്തില്‍ നിന്ന് അനുഭവിച്ചിട്ടുണ്ട്. ഏത് കാര്യം പോയി ആവിശ്യപ്പെട്ടാലും അദ്ദേഹം അതിനു തയ്യാറാകുമായിരുന്നു'വെന്നും എം കെ മുനീര്‍ പറഞ്ഞു.
കുട്ടിക്കാലം മുതല്‍ താന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകാറുണ്ട്. അദ്ദേഹത്തിന്റെ മകള്‍ സിതാര എന്റെ സഹപാഠി കൂടിയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം താന്‍ കുടുംബത്തിലൊരു അംഗം തന്നെയായിരുന്നു.എനിക്കിപ്പോള്‍ ഒരു നാഥന്‍ നഷ്ടപ്പെട്ട പ്രതീതിയാണ്. മലയാളത്തെ സംബന്ധിച്ചിടത്തോളം ഒരു മഹാ പുരുഷനാണ് നമ്മളെ വിട്ടു പോയിരിക്കുന്നത്. എഴുത്തിലും സിനിമയിലും ഒരുപോലെ ഇത്രയും അംഗീകാരം നേടി പര്‍വത തുല്യനായ മറ്റൊരു വ്യക്തിയെ വേറെ കാണാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ വിയോഗം ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ലെന്നും എം കെ മുനീര്‍ പറഞ്ഞു.