എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിലെ തന്റെ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി എം കെ മുനീർ
Mon, 1 Aug 2022

കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിലെ തന്റെ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി മുസ്ലിംലീഗ് നേതാവ് ഡോ. എം.കെ മുനീർ എം.എൽ.എ. ആരെയും അപമാനിക്കാനല്ല താൻ പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നും ലിംഗനീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ നടപ്പാക്കുന്നതിനെ ലിംഗസമത്വമെന്ന് വിളിക്കാൻ കഴിയില്ല. ജെൻഡർ ന്യൂട്രൽ എന്ന പേരിൽ പുരുഷന്റെ വസ്ത്രം സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ലിംഗപക്ഷപാതമാണ്.
70 ശതമാനം പെൺകുട്ടികളുള്ള സ്കൂളിൽ 30 ശതമാനം വരുന്ന ആൺകുട്ടികളുടെ വസ്ത്രം എല്ലാവരുടെയും മേൽ അടിച്ചേൽപ്പിക്കുകയാണ്. ഇത് ലോകത്ത് പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. താൻ പുരോഗമനവാദിയാണ്, പക്ഷെ അരാജകവാദിയല്ല. കുട്ടികളുടെ മേൽ കമ്യൂണിസ്റ്റ് ചിന്തകളെ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുനീർ ആരോപിച്ചു.