റോഡ് സുരക്ഷാനടപടികളില്‍ ശ്രദ്ധിക്കാതെ മോട്ടോര്‍വാഹനവകുപ്പ്

mvd
mvd

തൃശ്ശൂര്‍: റോഡ് സുരക്ഷാനടപടികളില്‍ മോട്ടോര്‍വാഹനവകുപ്പിന്റെ  നടപടികളില്ല .  ഒരുവര്‍ഷമായി അപകടം സംബന്ധിച്ച കണക്കുകളുടെ വിലയിരുത്തല്‍ നടക്കുന്നില്ല. കേസുകളെടുക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാലാണിത്. റോഡ് സുരക്ഷാ ക്ലാസുകളെടുക്കാന്‍പോലും ഉദ്യോഗസ്ഥരെ കിട്ടുന്നില്ല. അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ വിഭാവനംചെയ്ത പല പദ്ധതികളും കടലാസിലാണ്.

2023-ലെ അപകടങ്ങളുടെ വിശകലനറിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. പോലീസില്‍നിന്നും ലഭിക്കുന്ന കണക്കുകള്‍ മോട്ടോര്‍വാഹനവകുപ്പ്, നാറ്റ്പാക്ക് എന്നിവരാണ് ക്രോഡീകരിച്ചിരുന്നത്. ഇതനുസരിച്ച് മോട്ടോര്‍വാഹനവകുപ്പ് സുരക്ഷാപദ്ധതികള്‍ ഒരുക്കിയിരുന്നു.

കൂടുതല്‍ അപടകങ്ങളുണ്ടാകുന്ന സ്ഥലങ്ങളെ 'ഹോട്ട് സ്പോട്ടു'കളായി കണക്കാക്കുകയും പ്രത്യേകശ്രദ്ധ നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഇതൊന്നും നടന്നില്ല. ഡിസ്ട്രിക്ട് ക്രൈം റെക്കോഡ്സ് ബ്യൂറോ അപകടക്കണക്ക് എടുക്കുന്നുണ്ടെങ്കിലും മോട്ടോര്‍വാഹനവകുപ്പിലെ സംസ്ഥാനതലത്തിലുള്ള ഒരു ഉദ്യോഗസ്ഥന് മാത്രമാണ് ഇത് നേരിട്ട് ലഭിക്കുന്നത്.

ഒരു എ.എം.വി.ഐ.ക്ക് നടത്താവുന്ന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം നാല്‍പ്പതായി പരിമിതപ്പെടുത്തിയതോടെ കൂടുതല്‍ ലൈസന്‍സ് നല്‍കാനായി കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഓഫീസില്‍തന്നെ ഇരിക്കേണ്ട അവസ്ഥയുമാണ്. റോഡ് പരിശോധനയ്ക്കും ആവശ്യത്തിന് വാഹനങ്ങളില്ല.
 

Tags