പുരാവസ്തു തട്ടിപ്പ് ; മോന്‍സണ്‍ മാവുങ്കല്‍ കൈവശം വച്ചിരുന്ന സാധനങ്ങള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറി

monson

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കൈവശം വച്ചിരുന്ന സാധനങ്ങള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറി. കലൂര്‍ ആസാദ് റോഡിലെ മോന്‍സണിന്റെ വാടക വീട്ടില്‍ സൂക്ഷിച്ച സാധങ്ങളാണ് പൊലീസ് സാന്നിധ്യത്തില്‍ എണ്ണി തിട്ടപ്പെടുത്തി ഉടമ എസ് സന്തോഷിന് കൈമാറിയത്.

മോശയുടെ അംശവടി, കൃഷ്ണന്റെ വെണ്ണക്കുടം, ടിപ്പുവിന്റെ സിംഹാസനം എന്നിങ്ങനെ മോന്‍സണ്‍ വിശ്വസിപ്പിച്ച സാധങ്ങളാണ് കൈമാറിയത്. ഈ വസ്തുക്കള്‍ കൊച്ചിയിലെ ഒരു കേന്ദ്രത്തിലേക്കു മാറ്റുമെന്ന് സന്തോഷ് പറഞ്ഞു. മോന്‍സണിന്റെ പുരാവസ്തുക്കള്‍ വ്യാജമാണെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയിരുന്നു.

പലതിനും പത്തു വര്‍ഷത്തെ പഴക്കം പോലും ഉണ്ടായിരുന്നില്ല. 2016 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് ഈ വസ്തുക്കള്‍ മോന്‍സണ്‍ വാങ്ങിയത്.

വിദേശത്തു നിന്ന് ഫണ്ട് കിട്ടാനുണ്ട് അപ്പോള്‍ തരാം എന്ന് പറഞ്ഞു 30 ലക്ഷവും സന്തോഷിന്റെ പക്കല്‍ നിന്ന് ഇയാള്‍ വാങ്ങിയിരുന്നു. ആ പണം ഇതുവരെയും തിരിച്ചു നല്‍കിയിട്ടില്ല. 900 സാധനങ്ങളാണ് സന്തോഷ് മോന്‍സന് നല്‍കിയിരുന്നത്. സിനിമ ഷൂട്ടിംഗ് വേണ്ടി വാടകയ്ക്ക് നല്‍കുന്ന സാധനങ്ങളാണ് ഇവയെല്ലാം. ഇനിയും ഇവ ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്കായി നല്‍കുമെന്ന് സന്തോഷ് അറിയിച്ചിട്ടുണ്ട്.

Tags