മങ്കിപോക്സ്: ലക്ഷണങ്ങളുണ്ടെങ്കിൽ മറച്ചു വയ്ക്കരുതെന്ന് മുഖ്യമന്ത്രി
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

തിരുവനന്തപുരം: മങ്കിപോക് രോഗലക്ഷണങ്ങൾ ഉള്ളവര്‍ അക്കാര്യം മറച്ചു വയ്ക്കരുതെന്നും കൃത്യമായി നിരീക്ഷണത്തിൽ പോകുകയും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ച് സഹായം തേടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശ്ശൂരിൽ മങ്കിപോക്സ് ബാധിതനായ യുവാവ് മരണപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രിയുടെ വാക്കുകൾ -

കഴിഞ്ഞ ദിവസം തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് വിശദമായി പരിശോധന നടത്തും.

സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. എന്‍ഐവി പൂനയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വെസ്റ്റ് ആഫ്രിക്കന്‍ വകഭേദമാണെന്നാണ് കണ്ടെത്തിയത്. ജനിതക പരിശോധന നടത്തുന്നതുമാണ്.

യുഎഇയില്‍ നിന്നും ഇദ്ദേഹം 22ന് പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. അതിന് ശേഷം  വീട്ടിലാണ് ഉണ്ടായിരുന്നത്. 27ന് പുലര്‍ച്ചെയാണ് ഇദ്ദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായത്. പെട്ടെന്ന് നില ഗുരുതരമാകുകയായിരുന്നു.

മങ്കിപോക്സ് പോസിറ്റീവാണെന്ന് 19ന് ദുബായില്‍ നടത്തിയ പരിശോധന ഫലം 30നാണ് ബന്ധുക്കള്‍ ആശുപത്രിയെ അറിയിച്ചത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്‍റെ സംഘം ആശുപത്രിയിലെത്തിയിരുന്നു. ആ സമയം ഗുരുതരാവസ്ഥയിലായിരുന്നു.

20 പേരാണ് ഹൈറിസ്ക് പ്രാഥമിക സമ്പര്‍ക്കപട്ടികയിലുള്ളത്. വീട്ടുകാര്‍, സഹായി, നാല് സുഹൃത്തുക്കള്‍, ഫുട്ബോള്‍ കളിച്ച 9 പേര്‍ എന്നിവരാണ് ഈ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. വിമാനത്തില്‍ 165 പേരാണുണ്ടായിരുന്നത്. അതിലുള്ളവരാരും അടുത്ത സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നില്ല.

ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെയും എസ്.ഒ.പി.യുടേയും അടിസ്ഥാനത്തില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രധാനം. 21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പീരീഡ്. ഇതനുസരിച്ച് ഈ 165 പേരും സ്വയം നിരീക്ഷിക്കണം.

എല്ലാ എയര്‍പോര്‍ട്ടുകളിലും ഹെല്‍പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് എസ്.ഒ.പി. രൂപീകരിച്ച് നേരത്തെതന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ആരും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ലഭ്യമാണ്. ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മങ്കിപോക്സ് പരിശോധന സംസ്ഥാനത്ത് തന്നെ ആരംഭിച്ചിട്ടുണ്ട്. മങ്കിപോക്സിന്‍റെ കാര്യത്തില്‍ വല്ലാതെ ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്ന നില ഉണ്ടാകണം.

Share this story