50 കോടിയുടെ മണിചെയിൻ തട്ടിപ്പ് : സോഫ്റ്റ്‌വേർ നിർമിച്ചയാളും പിടിയിൽ

google news
money chain froud case

കൊണ്ടോട്ടി: 50 കോടിയോളം രൂപ മണിചെയിന്‍ മാതൃകയില്‍ തട്ടിയ അന്തസ്സംസ്ഥാന സംഘത്തിലെ ഒരു കണ്ണികൂടി പിടിയില്‍. തട്ടിപ്പിനുപയോഗിച്ച സോഫ്റ്റ്വേര്‍ നിര്‍മിച്ച പത്തനംതിട്ട ആറന്മുള ശ്രീകൃഷ്ണഭവനത്തില്‍ ശ്യാം കൃഷ്ണനെയാണ് (29) പ്രത്യേകാന്വേഷണസംഘം ആറന്മുളയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ബയോ ടെക്നോളജി ബിരുദധാരിയായ ശ്യാം കൃഷ്ണന്‍ എറണാകുളത്ത് വെബ് ഡിസൈനിങ്ങും സോഫ്റ്റ്വേര്‍ നിര്‍മാണവും നടത്തുകയാണ്. സംഘത്തലവന്‍ രതീഷ് ചന്ദ്രയുമായി വര്‍ഷങ്ങളായി ഇയാള്‍ക്ക് ബന്ധമുണ്ട്. പട്ടാമ്പിയില്‍ സമാന തട്ടിപ്പിന് ഉപയോഗിച്ച സോഫ്റ്റ്വേര്‍ നിര്‍മിച്ചത് ശ്യാം കൃഷ്ണനാണ്. കോടികള്‍ തട്ടിയ ഇപ്പോഴത്തെ കമ്പനിക്കുവേണ്ടിയും ഇയാളാണ് സോഫ്റ്റ്വേര്‍ നിര്‍മിച്ചത്.

കംപ്യൂട്ടര്‍ വിദഗ്ധനായ ഇയാളാണ് തട്ടിപ്പിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്തിരുന്നത്. സോഫ്റ്റ്വേര്‍ ഹാക്ക് ചെയ്ത് രണ്ടു കോടിയോളം രൂപ ഇയാള്‍ തട്ടിയതായും സംശയമുണ്ട്. പണം സിനിമാമേഖലയിലും റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ഓണ്‍ലൈന്‍ കറന്‍സിയായും നിക്ഷേപിച്ചതായി വിവരമുണ്ട്.

പ്രതികളെ പിടികൂടിയതറിഞ്ഞ് പണം നഷ്ടപ്പെട്ട ഒട്ടേറെപ്പേര്‍ പരാതിയുമായെത്തി. വിവിധ സ്റ്റേഷനുകളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായ രതീഷ് ചന്ദ്ര, ഹരീഷ് ബാബു എന്നിവര്‍ റിമാന്‍ഡിലാണ്.

കൊണ്ടോട്ടി ഡിവൈ.എസ്.പി. കെ. അഷ്‌റഫിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ മനോജ്, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ പി. സഞ്ജീവ്, ഷബീര്‍, രതീഷ് ഒളരിയന്‍, സബീഷ്, സുബ്രഹ്‌മണ്യന്‍, പ്രശാന്ത് എന്നിവരാണ് ശ്യാമിനെ പിടികൂടിയത്.

Tags