ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം ശനിയാഴ്ച മോഹന്‍ലാലിന് സമ്മാനിക്കും

sreekumaran thambi award
sreekumaran thambi award

തിരുവനന്തപുരം: ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം ശനിയാഴ്ച മോഹന്‍ലാലിന് സമ്മാനിക്കും. പ്രശസ്ത കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് 5.30-ന് നിശാഗന്ധിയില്‍ നടക്കുന്ന 'ശ്രീമോഹനം' പരിപാടിയില്‍ മോഹന്‍ലാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്ക്കാരം നല്‍കും. 

തുടർന്ന് പ്രശസ്ത പിന്നണിഗായകന്‍ എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍, പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും. പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ സെക്രട്ടറി സി. ശിവന്‍കുട്ടി സ്വാഗതമാശംസിക്കും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പുരസ്‌കാരജേതാവ് മോഹന്‍ലാലിന് ശ്രീകുമാരന്‍ തമ്പി മംഗളപത്രം വായിച്ച് സമര്‍പ്പിക്കും.

Also read: വെറും 20 രൂപയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷൂറന്‍സ്, അധികമാര്‍ക്കും അറിയില്ല, രജിസ്റ്റര്‍ ചെയ്യേണ്ടതിങ്ങനെ

ചടങ്ങിൽ സാംസ്‌കാരിക വകുപ്പു മന്ത്രി സജിചെറിയാന്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും. മുന്‍നിയമസഭാ സ്പീക്കര്‍ എം. വിജയകുമാര്‍, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ഐഎഎസ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും ശ്രീകുമാരന്‍ തമ്പിയുടെ ചിത്രങ്ങളും അടങ്ങിയ ആല്‍ബം നിംസ് എംഡി ഡോ. ഫൈസല്‍ഖാന്‍ മോഹന്‍ലാലിന് നല്‍കും. 

സിനിമയിലെ സമഗ്രസംഭാവനയ്ക്ക് കല്ലിയൂര്‍ ശശിക്കും ഗാനാലാപന മത്സരത്തിലെ മികച്ച രണ്ടുകുട്ടികള്‍ക്കും മോഹന്‍ലാല്‍ ഉപഹാരങ്ങള്‍ നല്‍കും. ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ജയശേഖരന്‍നായര്‍ നന്ദി പറയും. തുടര്‍ന്ന് ഗാനസന്ധ്യ അരങ്ങേറും. പരിപാടിയിലേക്കുള്ള പ്രവേശനത്തിന് പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

Tags