കുചേലനായി മൂടുപടമിട്ട മോദി ഇലക്ട്രല്‍ ബോണ്ടിലൂടെ കുബേരനായി മാറുന്ന പകല്‍ക്കൊള്ളയാണ് കണ്ടത് : എം.എം. ഹസന്‍

m m hassan

തിരുവനന്തപുരം: കുചേലനായി മൂടുപടമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇലക്ട്രല്‍ ബോണ്ടിലൂടെ കുബേരനായി മാറുന്ന പകല്‍ക്കൊള്ളയാണ് കണ്ടതെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍. ഇ.ഡിയെയും സി.ബി.ഐയെയും മറ്റും ഉപയോഗിച്ച് തോക്കിന്‍മുനയില്‍ നിര്‍ത്തി മോദി ഗുണ്ടാപ്പിരിവാണ് നടത്തിയതെന്നും ഹസൻ ചൂണ്ടിക്കാട്ടി.

ഇലക്ട്രല്‍ ബോണ്ടിലൂടെ 6,060 കോടി രൂപ സമാഹരിച്ച മോദിക്ക് 543 ലോക്‌സഭ സീറ്റുകളില്‍ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർഥികള്‍ക്ക് 11.16 കോടി രൂപ വീതം നൽകാന്‍ കഴിയും. ഇതു കൂടാതെ കോടികള്‍ വേറെയും ഒഴുകിയെത്തും. മോദിയുടെ ഈ സാമ്പത്തിക ശക്തിയുമായി വേണം ഇന്ത്യ മുന്നണിക്ക് ഏറ്റുമുട്ടാന്‍. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മോദി ഇടപെട്ട് മരവിപ്പിച്ചു. എന്നാല്‍, വൻ സാമ്പത്തിക ശക്തിയായ മോദിയെന്ന ഗോലിയാത്തിനെ വീഴ്ത്താന്‍ രാഹുല്‍ ഗാന്ധിയെന്ന ആദര്‍ശധീരനായ പോരാളിക്കു സാധിക്കുമെന്നും ഹസന്‍ പറഞ്ഞു.

ഏറ്റവുമധികം ഇലക്ട്രല്‍ ബോണ്ട് വാങ്ങി മോദിയെ സന്തോഷിപ്പിച്ചത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനാണ്. 1,368 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ട് വാങ്ങാന്‍ എത്ര സഹസ്രകോടികളുടെ വെട്ടിപ്പും തട്ടിപ്പും നടത്തണം? മാര്‍ട്ടിന്‍ ആദ്യത്തെ ഇലക്ട്രല്‍ ബോണ്ട് പരീക്ഷണം നടത്തിയത് 2008ല്‍ ദേശാഭിമാനിക്ക് 2 കോടി രൂപ സംഭാവന നൽകിയാണ്. അന്ന് ഇ.പി. ജയരാജനായിരുന്നു ദേശാഭിമാനിയുടെ ജനറല്‍ മാനേജര്‍. കേരളത്തിലന്ന് മാര്‍ട്ടിന്‍ ലോട്ടറി വിറ്റ് ശതകോടികള്‍ ഉണ്ടാക്കുന്ന കാലമായിരുന്നു.

ഇ.പി. ജയരാജന്‍ ഇടതുമുന്നണി കണ്‍വീനര്‍ ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വൈദേഹം റിസോര്‍ട്ടിനെതിരേ പി. ജയരാജന്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വെടിപൊട്ടിച്ചത്. തുടര്‍ന്നാണ് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് വാങ്ങിയത്. ബി.ജെ.പിക്ക് മികച്ച സ്ഥാനാര്‍ഥികളുണ്ടെന്നും അവര്‍ രണ്ടാം സ്ഥാനത്താണെന്നുമൊക്കെ ജയരാജന്‍ പ്രസ്താവിച്ചത് ഈ ബിസിനസ് ഇടപാടിന്റെ പശ്ചാത്തലത്തിലാണ്. വൈദേഹം റിസോര്‍ട്ട് വിഷയം സജീവ ചര്‍ച്ചയാണെങ്കിലും ജയരാജന്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് എം.എം. ഹസന്‍ ചൂണ്ടിക്കാട്ടി.
 

Tags