ഇനി പപ്പടത്തിന്റെ ഗുണനിലവാരമറിയാം മൊബൈൽ ആപ്പിലൂടെ..

papadam

തിരുവനന്തപുരം: പപ്പടത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ മൊബൈൽ ആപ്പുമായി പപ്പടനിർമാതാക്കളുടെ സംഘടനയായ കേരള പപ്പടം മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ.  ’മുദ്ര’ എന്നപേരിലാണ്  ആപ്പ് ഇറക്കുന്നത്. ആപ്പ് വിഷുവിനുമുൻപ് പുറത്തിറങ്ങും.

യഥാർത്ഥ ചേരുവകൾ ചേർത്തുള്ള പപ്പടം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കെപ്മ ഈ പുതിയ സംരംഭം ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് നിലവാരമുള്ള ഉത്പന്നം ലഭ്യമാക്കുകയും യഥാർഥ പപ്പടനിർമാതാക്കളെ സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെപ്മയുടെ ജനറൽ സെക്രട്ടറി വിനോദ് പ്രാരത്ത പറഞ്ഞു. 

സംസ്ഥാനത്താകെ 1500 പപ്പടനിർമാണ യൂണിറ്റുകളാണുള്ളത്. ഇതിൽ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ള 300 യൂണിറ്റുകൾ കെപ്മയുടെ ജില്ലാ കമ്മിറ്റികളുമായി കരാർ ഒപ്പിട്ടു. ഇവിടങ്ങളിൽ ജില്ലാസമിതി എത്തി ശുചിത്വം, സാധനങ്ങൾ വാങ്ങിയതിന്റെ രേഖകൾ, ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം എന്നിവ പരിശോധിക്കും. രണ്ടുമാസം കൂടുമ്പോഴും തുടർപരിശോധനകൾ നടത്തും.

ജില്ലാസമിതിയുടെ പരിശോധനയ്ക്കുശേഷം രജിസ്റ്റർ നമ്പറും കെപ്മയുടെ ലോഗോയും പപ്പട പായ്ക്കറ്റിൽ ഉൾപ്പെടുത്തും. നിലവിൽ രജിസ്റ്റർചെയ്ത് നടപടികൾ പൂർത്തിയാക്കിയ യൂണിറ്റുകൾ പായ്ക്കറ്റുകളിൽ ലോഗോ പതിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കെപ്മ പുറത്തിറക്കുന്ന ആപ്പ് ഉപയോഗിച്ച് രജിസ്റ്റർ നമ്പർ പരിശോധിച്ച് പപ്പടത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താം.


 

Tags