എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള ഹൈകോടതി ഉത്തരവിനെതിരെ മകൾ സുപ്രീംകോടതിയിൽ

High Court rejected the plea filed by the daughter of MM Lawrence against giving his body to medical studies
High Court rejected the plea filed by the daughter of MM Lawrence against giving his body to medical studies

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ മകൾ ആശ ലോറൻസ് സുപ്രീംകോടതിയിൽ. എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറുക എന്നത് രാഷ്ട്രീയ തീരുമാനമാണെന്ന് ആശ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സി.പി.എമ്മിന് എതിർ കക്ഷിയാക്കിയാണ് ഹരജി നൽകിയിട്ടുള്ളത്. പിതാവിന്‍റെ മൃതദേഹം മതപരമായ ചടങ്ങുകളോടെ നടത്തണമെന്നാണ് ആശ ലോറൻസിന്‍റെ ആവശ്യം.

2024 സെപ്​റ്റംബർ 21നാണ്​ സി.പി.എം മുതിർന്ന നേതാവായ എം.എം. ലോറൻസ്​ അന്തരിച്ചത്​. ഇതിന് പിന്നാലെ മകൻ എം.എൽ. സജീവന്‍റെ തീരുമാന പ്രകാരം പിതാവിന്‍റെ മൃതദേഹം പഠനത്തിന് കൈമാറാൻ തീരുമാനിക്കുക‍യായിരുന്നു. എന്നാൽ, തീരുമാനത്തെ എതിർത്ത ആശ ലോറൻസ് പിതാവിന്‍റെ ആഗ്രഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കണമെന്നാണെന്നും മതപരമായ ചടങ്ങുകളോടെ സംസ്കരിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി.

തുടർന്ന് മൃതദേഹം പൊതുദർശനത്തിന് വെച്ച എറണാകുളം ടൗൺ ഹാളിൽ എത്തിയ ആശ ലോറൻസ് പരസ്യമായി എതിർപ്പുയർത്തുകയും ചെയ്തു. ഇത് ആശയും സി.പി.എം പ്രവർത്തകരും തമ്മിൽ വാക്കേറ്റത്തിനും കൈയ്യാങ്കളിയിലുമാണ് കലാശിച്ചത്. ഇതിന് പിന്നാലെ ആശ ലോറൻസ് മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ ഹൈകോടതിയെ സമീപിക്കുകയും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോടതി മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തു. ഇതേതുടർന്ന്, മെഡിക്കൽ പഠനത്തിന് കൈമാറുന്നത് താൽകാലികമായി തടഞ്ഞ ഹൈകോടതി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റാൻ നിർദേശിച്ചു. ഇത് പ്രകാരം കൊച്ചി ഗവ. മെഡിക്കൽ കോളജിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.

എന്നാൽ, ശരീരം മെഡിക്കൽ പഠനത്തിന് വിട്ടുനൽകണമെന്ന് സാക്ഷികളുടെ മുമ്പാകെ ലോറൻസ് ആവശ്യപ്പെട്ടിരുന്നുവെന്ന് മകൻ എം.എൽ. സജീവൻ കോടതിയെ ബോധിപ്പിച്ചു. ഇതംഗീകരിച്ചാണ് ആദ്യം സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും മൃതദേഹം വിട്ടുനൽകാൻ ഉത്തരവിട്ടത്. എന്നാൽ, കള്ളസാക്ഷികളെയാണ് സജീവൻ ഹാജാരാക്കിയതെന്ന് മറ്റൊരു മകൾ സുജാത ബോബൻ ആരോപിച്ചു. ഇതോടെ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ ആശ ലോറൻസ് സുപ്രീംകോടതിയെ സമീപിച്ചത്.

‘മതപരമായ സംസ്കാര ചടങ്ങുകൾ നടത്തണമെന്ന് മൂത്ത മകൾ സുജാതയോട് അപ്പച്ചൻ ആഗ്രഹം പറഞ്ഞിരുന്നു. അപ്പച്ചൻ സ്വന്തം ശരീരം മരണ ശേഷം അനാട്ടമി ഡിപാർട്മെന്റിന് ദാനം ചെയ്യാൻ എവിടെയും ആരോടും ഒരിക്കലും പറഞ്ഞിട്ടില്ല എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. ഇതിനാൽ ആണ് ഞാൻ കേസ് കൊടുത്തത്. മൃതദേഹ ദാനപത്രം വായിച്ച് നോക്കാതെയാണ് സുജാത ഒപ്പിട്ടതെന്ന് ബഹുമാനപ്പെട്ട കോടതിയെ ബോധ്യപ്പെടുത്തിയതാണ്. നിർഭാഗ്യവശാൽ കോടതി സിംഗിൾ ബെഞ്ച് ഞങ്ങൾ ഇരുവരുടെയും ഹരജികൾ തള്ളി.

ആ വിധിക്കെതിരെ ഡിവിഷൻ ബെഞ്ച് മുൻപാകെ ഹരജി കൊടുത്തു. ഡിവിഷൻ ബെഞ്ചും ഹരജികൾ തള്ളി. ഇനിയും മുന്നോട്ട് തന്നെ എന്നാണ് സുജാതയുടെയും എന്റെയും തീരുമാനം. നിയമപോരാട്ടം തുടരും. അപ്പന് നീതി ലഭിക്കണം. മരണപ്പെട്ട വ്യക്തിക്ക് നീതി ലഭിക്കണം. അപ്പന്റെ ആഗ്രഹം പള്ളിയിൽ മതാചാര പ്രകാരം അടക്കം ചെയ്യണമെന്നായിരുന്നു. അത് പറഞ്ഞത് സ്വന്തം മകളോടാണ്. നിരീശ്വരവാദി ആയിരുന്ന അപ്പൻ വിശ്വാസി ആയി എന്നത് അംഗീകരിക്കാൻ പറ്റുന്നില്ല പലർക്കും. നീതിക്കായി മുന്നോട്ട്’ -എന്നാണ് ആശ ലോറൻസ് ഹൈകോടതി വിധിയിൽ പ്രതികരിച്ചത്.

Tags