'തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണ്,എം.എൽ.എ സ്ഥാനം രാജിവെക്കില്ല, ആ പൂതിവെച്ച് ആരും നിൽക്കേണ്ട : പി.വി അൻവർ
മലപ്പുറം: എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്നും തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണെന്നും പി.വി. അൻവർ എം.എൽ.എ. എം.എൽ.എ എന്ന മൂന്നക്ഷരം ജനങ്ങൾ തന്നതാണ്. രാജിവെക്കുമെന്ന പൂതിവെച്ച് ആരും നിൽക്കേണ്ട. മരിച്ചുവീഴും വരെ ഈ ഒന്നേമുക്കാൽ കൊല്ലം ഞാൻ ഉണ്ടെങ്കിൽ ഞാൻ എം.എൽ.എ ആയിട്ടുണ്ടാകുമെന്നും അൻവർ പറഞ്ഞു.
ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം നടത്തും. ജനങ്ങളോട് എല്ലാം പറയും. ഞാൻ ആരുടെയും ഊര കണ്ടിട്ടല്ല നടക്കുന്നത്. ഞാൻ ഈ നാട്ടിലെ സാധാരണ മനുഷ്യരെയും ഈ സഖാക്കളെയും കണ്ടിട്ടാണ് നടക്കുന്നത്. ഞാൻ കയറുകയാണെങ്കിൽ നാട്ടിലെ ജനങ്ങളുടെ ഊരയിലേ കയറുകയുള്ളൂ. ഞാൻ പണ്ടും ഇപ്പോഴും പൂർണ സ്വതന്ത്രനാണ്. ഇനി സി.പി.എമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും അൻവർ പറഞ്ഞു. ഇത്രയും ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് എങ്ങനെയാണ് നിയമസഭയിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുകയെന്ന് ചോദിച്ചപ്പോൾ അവരേക്കാൾ ഉളുപ്പിൽ നിൽക്കുമെന്നായിരുന്നു മറുപടി.
മന്ത്രി മുഹമ്മദ് റിയാസിനെതിരെയും അൻവർ ആരോപണങ്ങൾ ഉന്നയിച്ചു. അജിത് കുമാറിനെ സംരക്ഷിക്കാൻ കാരണം സൺ ഇൻ ലോ ആയിരിക്കുമെന്നും ഈ ഒരു മനുഷ്യനു വേണ്ടി പാർട്ടി സംവിധാനം തകർക്കരുതെന്നും അൻവർ പറഞ്ഞു. റിയാസിനു വേണ്ടി അൻവറിന്റെ നെഞ്ചത്തോട്ട് വന്നാൽ നടക്കില്ല. കേരളത്തിൽ ഒരു റിയാസിനെ മാത്രം നിലനിർത്താനാണോ പാർട്ടി. പാർട്ടി എന്നു പറയുന്നത് പാർട്ടി സഖാക്കളാണ്. അതിനു മുകളിലുള്ള മേൽക്കൂര മാത്രമാണ് പാർട്ടി നേതാക്കൾ. ഇപ്പോഴുള്ള നേതാക്കളൊക്കെ സൂപ്പർ നേതാക്കളാണ്. കാലിൽ കൂച്ചുവിലങ്ങുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു.