ശരീരത്തില്‍ മുറിപ്പാടുകളും ചതവും, സ്വര്‍ണാഭരണങ്ങള്‍ കാണാതായി ; കോഴിക്കോട് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

google news
police8

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കൊലപാതകമെന്ന് നിഗമനം. ശരീരത്തില്‍ മുറിപ്പാടുകളും ചതവും ഉണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവ സമയത്ത് പ്രദേശത്തെത്തിയ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ നീക്കം. സ്വര്‍ണം വിറ്റത് ആരെന്ന് കണ്ടെത്താനും ശ്രമം. പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നൊച്ചാട് സ്വദേശി അനുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടുകൂടിയാണ് കൊലപാതകമാണെന്ന സംശയം ഉയര്‍ന്നത്. കൂടാതെ അനുവിന്റെ ശരീരത്തലുള്ള സ്വര്‍ണം മോഷണം പോയതായി കുടുംബം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപിച്ചിരിക്കുന്നത്.

സംഭവ സമയത്ത് പ്രദേശത്ത് എത്തിയ ബൈക്കിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ ബൈക്കുമായി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പേരാമ്പ്ര പൊലീസില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ഇവ വില്‍ക്കാന്‍ എത്തിക്കുകയാണെങ്കില്‍ വിവരം പൊലീസിന് കൈമാറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് പേരാമ്പ്ര നെച്ചാട് അള്ളിയോറത്തോട്ടില്‍ 26 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനായി വാളൂരിലെ സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിയശേഷമാണ് അനുവിനെ കാണാതായത്. പിന്നീട് പുല്ലരിയാനെത്തിയവരാണ് അല്ലിയോറത്തോട്ടില്‍ അര്‍ധനഗ്നയായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അനുവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
 

Tags