ആണ്‍സുഹൃത്തുക്കൾക്കൊപ്പം തിരുപ്പൂരില്‍; തൊടുപുഴയില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി
തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയും തിരുപ്പൂരില്‍ നിന്നും കണ്ടെത്തി. രണ്ടു ആണ്‍സുഹൃത്തുക്കൾക്കൊപ്പം തിരുപ്പൂര്‍ തിരുമുരുകന്‍പൂണ്ടിയിലുള്ള ഒരു മിനറല്‍ വാട്ടര്‍ ബോട്ടിലിങ് യൂണിറ്റില്‍ ജോലിയെടുക്കുകയായിരുന്നു ഇരുവരും.
16-ഉം 17-ഉം വയസ്സുള്ള പെണ്‍കുട്ടികളെയും 19-ഉം 21-ഉം വയസ്സുള്ള ആണ്‍കുട്ടികളെയുമാണ് തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ എന്‍ എസ് റോയിയും സംഘവും തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സൂചനകളുടെ അടിസ്ഥാനത്തില്‍ തിരുപ്പൂരിലെത്തിയ കേരള പൊലീസ് സംഘം തിരുപ്പൂര്‍ സിറ്റി പൊലീസിന്റെയും അവിടത്തെ മലയാളികളുടെയും സഹായത്തോടെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ നാലുപേരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന്, സിറ്റി പൊലീസിലെ ഒരു ഉദ്യോഗസ്ഥന് ലഭിച്ച സൂചനയുടെ സഹായത്തോടെയാണ് നാലുപേരെയും കണ്ടെത്താനായത്.
നാലുപേരെയും ബുധനാഴ്ച തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരാക്കി തുടര്‍നടപടികള്‍ ആരംഭിച്ചതായി കേരള പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആണ്‍കുട്ടികളുടെ പേരില്‍ കേസെടുക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.