കൂളിമാട് പാലം: ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുഹമ്മദ് റിയാസ്

google news
MUHAMMED RIAS



തിരുവനന്തപുരം: കോഴിക്കോട്ടെ കൂളിമാട് പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നടപടിയെടുക്കുന്ന കാര്യത്തില്‍ ഒഴിഞ്ഞ് മാറുന്ന പ്രശനമില്ലെന്നും മന്ത്രി വ്യക്തമാക്കി. 

നടപടിയുണ്ടാകുമെന്നും അതിന്റെ കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 15 മാസത്തിനുള്ളില്‍ നടപടിയെടുത്ത ഉദ്യോഗസ്ഥരുടെ എണ്ണമെടുത്താല്‍ ജാഥക്കുള്ള ആളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ചില റോഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മഴ പ്രധാന പ്രശ്‌നമാണ്. കൃത്യമായ ഡിസൈന്നൊന്നുമില്ലാതെയാണ് പല റോഡുകളും നിര്‍മ്മിച്ചത്. മഴയാണ് ഏക കാരണമെന്ന് പറഞ്ഞ് തടിയൂരുന്നുവെന്ന് ചര്‍ച്ചകള്‍ വരുന്നുണ്ട്. എന്നാല്‍ അത് ശരിയല്ലെന്നും ഗൗരമായ ചര്‍ച്ച ഇക്കാര്യത്തില്‍ വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 


ഭൂരിപക്ഷം പിഡബ്ല്യുഡി റോഡും നല്ലതാണ്. നിലവിലെ റോഡില്‍ പ്രദേശത്തിന്റെ കാലാവസ്ഥക്കനുസരിച്ച് ഡിസൈനില്‍ മാറ്റം വരുത്തണം. കൊവിഡിന്റെ സമയത്ത് വാഹന ഗതാഗതം കുറഞ്ഞപ്പോള്‍ റോഡുകള്‍ പൊളിഞ്ഞില്ലെന്നും വെള്ളം ഒലിച്ചു പോകാതെ ഡ്രൈനേജ് സംവിധാനമില്ലാതെ റോഡുകള്‍ നിലനില്‍ക്കില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മെയ് 16 നാണ് ചാലിയാറിന് കുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ തകര്‍ന്ന് വീണത്. തുടര്‍ന്ന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം നടത്തിയ ഒരു മാസം നീണ്ട അന്വേഷണത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ജൂണ്‍ 17ന് മന്ത്രി നടപടി പ്രഖ്യാപിച്ചു. വീഴ്ച വരുത്തിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അനിതാകുമാരിക്കും അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹ്‌സിനും എതിരെ നടപടിയെടുക്കുമെന്നും നടപടി എന്തെന്ന് വകുപ്പ് സെക്രട്ടറി പ്രഖ്യാപിക്കും എന്നാണ് മന്ത്രി അറിയിച്ചിരുന്നത്. ഏറെ ആരോപണം നേരിട്ട് എഎക്‌സി ബൈജുവിനെതിരെ നടപടി പ്രഖ്യാപിച്ചതുമില്ല. മന്ത്രിയുടെ പ്രഖ്യാപനം വന്ന് മൂന്ന് മാസം ആയിട്ടും ഒന്നും നടപ്പായില്ല. മാത്രമല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബൈജുവിന് കൂടുതല്‍ ചുമതലകള്‍ നല്‍കുകയും ചെയ്തു.

Tags