ഓണത്തോടനുബന്ധിച്ച് സ്‌ക്വാഡുകളുടെ പരിശോധന സുശക്തമാക്കണം : മന്ത്രി വീണാ ജോര്‍ജ്

Inspection of squads should be strengthened in connection with Onam: Minister Veena George
Inspection of squads should be strengthened in connection with Onam: Minister Veena George

പത്തനംതിട്ട :  ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഭക്ഷ്യ സുരക്ഷ, എക്സൈസ്, ലീഗല്‍ മെട്രോളജി സ്‌ക്വാഡുകള്‍ കൃതതയോടെ പരിശോധന നടത്തണമെന്നും ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം ആറ് വരെ ഒ.പിയും ഡോക്ടര്‍മാരുടെ സേവനവും ഉണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പാക്കണം.

കോഴഞ്ചേരി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അടുത്ത ജനുവരി 15 ന് മുന്‍പ് പൂര്‍ത്തിയാക്കണം. മഞ്ഞനിക്കര- ഇലവുംതിട്ട- മുളക്കുഴ റോഡില്‍ ഓമല്ലൂര്‍ ഭാഗത്തെ കലുങ്ക് നിര്‍മാണത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ സാങ്കേതിക അനുമതി ലഭ്യമാക്കണം. അടൂര്‍- തുമ്പമണ്‍- കോഴഞ്ചേരി റോഡ് എംഎസ്എസ് നിലവാരത്തില്‍  ടാര്‍ ചെയ്യണം. വെണ്ണപ്ര പുറമ്പോക്ക് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിച്ച് ഒരു മാസത്തിനകം സര്‍വേ നടപടി പൂര്‍ത്തിയാക്കണം. അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. പത്തനംതിട്ട വില്ലേജിന്റെ സര്‍വേ നടപടികള്‍ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന കുടുംബശ്രീ ഓണം വിപണന മേളയുടെ ലോഗോ പ്രകാശനവും  നിര്‍വഹിച്ചു.


പുളിക്കീഴ് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് റോഡ് ഉയര്‍ത്തുന്ന പ്രവൃത്തി രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി 11(1) വിജ്ഞാപനം പരസ്യപ്പെടുത്തുന്നതിന്  ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിക്കണം. തിരുവല്ല നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം സബ്ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് കൈമാറുന്നത് വേഗത്തിലാക്കാന്‍  നഗരസഭ ചെയര്‍മാന്‍, ജില്ലാ ട്രഷറി ഓഫീസര്‍ എന്നിവരുടെ സംയുക്ത യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു.


റാന്നി, കോന്നി മണ്ഡലങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ക്കായി ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വെച്ചൂച്ചിറയില്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡ് ഓണത്തിന് മുന്‍പ് സഞ്ചാരയോഗ്യമാക്കണം. റാന്നി പാലത്തിന്റെ അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാര തുക ഒക്ടോബര്‍ 15 ന് മുന്‍പ് വിതരണം ചെയ്യണം. റാന്നിയിലെ ഉള്‍പ്രദേശങ്ങളായ തുലാപ്പള്ളി, പമ്പാവാലി, മഞ്ഞത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.


അടൂര്‍- പഴകുളം- ആനയടി റൂട്ടില്‍ കൂടുതല്‍ ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. ജലജീവന്‍ മിഷന്‍ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് പൊളിക്കുന്ന റോഡുകള്‍ അടിയന്തരമായി പുന്‍ര്‍നിര്‍മിക്കുന്നതിന് നടപടിയുണ്ടാകണമെന്നും പറഞ്ഞു.
എഡിഎം ബി. ജ്യോതി അധ്യക്ഷയായ  യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags