രണ്ടാം കേരള മോഡലിലൂടെ രോഗാതുരത കുറഞ്ഞ സമൂഹമായി കേരളത്തെ മാറ്റും: മന്ത്രി വീണാ ജോര്‍ജ്
ആലപ്പുഴ: രണ്ടാം കേരള മോഡലിലൂടെ രോഗാതുരത കുറഞ്ഞ സമൂഹമായി നാടിനെ മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ, ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ കരുമാടി ആയുര്‍വേദ ആശുപത്രിയോടനുബന്ധിച്ച് നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയില്‍ വന്‍മുന്നേറ്റം സംസ്ഥാനം നേടിയെങ്കിലും സമൂഹം നേരിടുന്ന പ്രധാന പ്രശ്നമാണ് ജീവിതശൈലീ രോഗങ്ങള്‍. ജീവിതശൈലീ രോഗങ്ങളെ ചെറുക്കുവാന്‍ ആയുര്‍വേദ ചികിത്സ കൊണ്ട് കഴിയും. ഇതിനായി സംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകള്‍ ആരംഭി്ക്കും.കേന്ദ്ര ആയുഷ് പദ്ധതിയിലുള്‍പ്പെടുത്തി ആയുര്‍വേദ ആശുപത്രികളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുമെന്നും യോഗ പരിശീലന കേന്ദ്രങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
കിടത്തി ചികിത്സാ സംവിധാനവും വിവിധ സ്പെഷ്യാലിറ്റികളും അടങ്ങുന്ന ആശുപത്രി സമുച്ചയമാണ് കരുമാടി ആയുര്‍വേദ ആശുപത്രിയില്‍ ഒരുങ്ങുന്നത്്. 30 കിടക്കകള്‍, പേ വാര്‍ഡ് സംവിധാനങ്ങള്‍ എന്നിവയോട് കൂടിയ നാലുനിലകളുള്ള ആശുപത്രി സമുച്ചയത്തിന് സര്‍ക്കാര്‍ അഞ്ചു കോടി രൂപയാണ് വകയിരുത്തിയത്.
കരുമാടി ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നടന്ന പരപാടിയില്‍ എച്ച് സലാം എം എല്‍ എ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ റംല ബീവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍. ജയരാജ്, പഞ്ചായത്ത് അംഗം വീണാ സുരേഷ്, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വൈ. എം. ഷീജ, ആയുര്‍വേദ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ഡി. ജയേഷ് കുമാര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.