ആദ്യ ഇന്‍ന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി ഉടന്‍ അടൂരില്‍ : മന്ത്രി വീണാ ജോര്‍ജ്

First Integrated Ayush Hospital in Adur: Minister Veena George
First Integrated Ayush Hospital in Adur: Minister Veena George

പത്തനംതിട്ട : ജില്ലയിലെ ആദ്യ ഇന്‍ന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി അടൂരില്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അങ്ങാടിക്കല്‍ വടക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ പുതിയ പേ വാര്‍ഡിന് ശില ഇടുകയായിരുന്നു മന്ത്രി. ഈ സാമ്പത്തിക വര്‍ഷം കൂടുതല്‍ തുക അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.

ആറന്മുളയിലും ഇന്‍ന്റഗ്രേറ്റഡ് ഹോസ്പിറ്റല്‍ നിര്‍മിക്കുന്നതിന് പണം അനുവദിച്ചിട്ടുണ്ട്.ആരോഗ്യസ്ഥാപനങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യ പരിഗണനയാണ് . പരിമിതമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ചിരുന്ന സബ് സെന്ററുകളെ ലാബ് ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ജനകീയ ആരോഗ്യകേന്ദങ്ങളാക്കി മാറ്റി. മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങി എല്ലാ ആശുപത്രികളും വികസിപ്പിക്കുകയാണ്.2023-24 ആശുപത്രി അപ്ഗ്രഡേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊടുമണ്‍ ആയുഷ് ആശുപത്രിയ്ക്ക് ഒരുകോടി രൂപ അനുവദിച്ചത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല. വിശാലമായ പേ വാര്‍ഡ് റൂമുകളും നഴ്സസ് സ്റ്റേഷനുകളും മരുന്ന് സംഭരണ, വിതരണ യൂണിറ്റും ഉള്‍പ്പടെ 2350 ചതുരശ്ര അടി  വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത്; 10 മാസത്തിനുള്ളില്‍  പൂര്‍ത്തിയാക്കും.ചന്ദപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 1.43 കോടി രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി; നിര്‍മാണ പ്രവര്‍ത്തം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ആര്‍. ബി. രാജീവ് കുമാര്‍, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരന്‍, വൈസ് പ്രസിഡന്റ് എസ്. ധന്യാ ദേവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ സി. പ്രകാശ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ പുഷ്പലത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ജി ശ്രീകുമാര്‍, എസ്. സൂര്യകലാദേവി, ബി. സേതുലക്ഷ്മി, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.എസ് ശ്രീകുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അഫിന അസീസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൈമണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags