ഏറ്റവും മികവുറ്റ വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം : മന്ത്രി വി. ശിവന്‍കുട്ടി
പത്തനംതിട്ട : ഏറ്റവും മികച്ച വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. അയിരൂര്‍ സര്‍ക്കാര്‍ എച്ച്എസ്എസില്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 5000 കോടി രൂപ കഴിഞ്ഞ എട്ടുവര്‍ഷം ചെലവഴിച്ചു. ഈ മാതൃകയാണ് വിദ്യാഭ്യാസ രംഗത്ത് കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചതും.
മാറ്റങ്ങളെ നേരിടാന്‍ അധ്യാപകരെ സജ്ജരാക്കുകയെന്ന നിര്‍ണായക ഉത്തരവാദിത്തം കുറ്റമറ്റ രീതിയില്‍ നിര്‍വഹിച്ച പോരുകയാണ്. പ്രീ-സര്‍വീസ്, ഇന്‍-സര്‍വീസ് ടീച്ചര്‍ പരിശീലനം എന്നിവ പ്രാധാന്യത്തോടെ നടപ്പിലാക്കുന്നു എന്നും വ്യക്തമാക്കി. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി. പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി സ്റ്റാര്‍സ് പദ്ധതി പ്രകാരം ഒരുക്കിയ വര്‍ണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയന്‍മാന്‍ ആര്‍. അജയകുമാര്‍, പഞ്ചായത്ത് അംഗം സാറാ തോമസ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍, മറ്റു ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ അനില്‍ എം. ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ കെ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.