പുരാരേഖകൾ ശാസ്ത്രീയമായി സംരക്ഷിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Minister Ramachandran Kadanapalli
Minister Ramachandran Kadanapalli


അത്യപൂർവ്വവും പകരംവയ്ക്കാനില്ലാത്തതുമായ താളിയോലരേഖകളും ചരിത്രരേഖകളും ഭാവി തലമുറയ്ക്കായി ശാസ്ത്രീയ സംരക്ഷണം നടത്തി സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധയാണ് സർക്കാർ പുലർത്തുന്നതെന്ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് പുരാവസ്തു കാര്യാലയത്തിൽ നടന്ന ചടങ്ങിൽ 2024-25 വർഷത്തെ പുരാരേഖാ സംരക്ഷണ പദ്ധതികളുടെ ഉദ്ഘാടനം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെയും വിവിധ വകുപ്പുകളുടേയും തീർപ്പാക്കപ്പെട്ട ശാശ്വതമൂല്യമുള്ള രേഖകളും സൂക്ഷിച്ചു വരുന്ന സർക്കാർ സ്ഥാപനമാണ് സംസ്ഥാന പുരാരേഖാ വകുപ്പ്. അക്കാഡമിക സമൂഹത്തിനും ചരിത്രഗവേഷകർക്കും ആവശ്യമായ രേഖകൾ നല്കാൻ പര്യാപ്തമായ സമ്പന്നമായ ചരിത്രത്തിന്റെ ഒരക്ഷയ ഖനിയാണ് നമ്മുടെ ആർക്കൈവ്‌സ്.

കാലത്തിന്റെ ഇടനാഴിയിലൂടെ മനുഷ്യകുലം താണ്ടിയ സുദീർഘമായ യാത്രയുടെ സാക്ഷ്യപത്രങ്ങളാണ് ചരിത്ര രേഖകൾ. പല കാലങ്ങളിൽ പല രീതിയിൽ ആലേഖനം ചെയ്തിട്ടുള്ള ചരിത്രരേഖകളെ അമൂല്യമായി കരുതി ലോകമെങ്ങും സംരക്ഷിച്ചു വരുന്ന സാഹചര്യത്തിലാണ് പുരാരേഖ സംരക്ഷണ പദ്ധതികൾക്ക് തുടക്കമാകുന്നത്. ചരിത്രത്തേയും കാലത്തേയും രേഖപ്പെടുത്തിയ മനുഷ്യ സംസ്‌കൃതിയുടെ ഗീതികളായ താളിയോലരേഖകൾ മനുഷ്യകുലത്തിൻറെ പോരാട്ടത്തിന്റെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. നിലവിലുളള വ്യവസ്ഥകൾക്കെതിരെയുള്ള സമരങ്ങളാണ് മനുഷ്യന്റെ പ്രയാണങ്ങളെന്നതിനാൽ മുമ്പോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം പകരുന്നത് ഇന്നലയെക്കുറിച്ചുള്ള ചിന്തകളാണെന്നും അവ നമ്മുടെ കടമകളെ ഓർമ്മപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

ആർക്കൈവ്‌സിൽ സൂക്ഷിച്ചിട്ടുള്ള വൈവിധ്യമാർന്ന രേഖകൾ ഗവേഷകർക്കും ചരിത്രകാരന്മാർക്കും അവലംബമാക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രാഥമിക സ്‌ത്രോതസ്സുകളായ ചരിത്രരേഖകളാണ്. കേരളത്തിന്റെ പരമ്പരാഗതമായ ആലേഖന മാധ്യമമായ താളിയോലയിൽ എഴുതപ്പെട്ട രേഖകളുടെ വിപുലമായ ശേഖരം കേരള ആർക്കൈവ്‌സിനെ മറ്റു ആർക്കൈവ്‌സുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ചുരുണകൾ, ഗ്രന്ഥങ്ങൾ ഉൾപ്പെടെ ഏകദേശം ഒരു കോടിയിലധികം വരുന്ന ബൃഹത്തായ താളിയോലശേഖരം സംസ്ഥാന ആർക്കൈവ്സിന്റെ വിജിയണൽ ഓഫീസായ തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്‌സിലാണ് സൂക്ഷിച്ചിട്ടുള്ളത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ രേഖകളെ ഡിജിറ്റൽ രൂപത്തിലേയ്ക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ വകുപ്പിൽ നടന്നു വരുകയാണ്. പൊതു രേഖകളുടെ സംരക്ഷണത്തിനുള്ള നടപടിക്രമങ്ങൾ നിയമസഭയുടെ പരിഗണനയിലാണ്. സെലക്റ്റ് കമ്മിറ്റി ഇതിനകം തന്നെ നമ്മുടെ പ്രധാന ആർക്കൈവ്‌സുകൾ സന്ദർശിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്ക്  നിരവധിയായ ചരിത്രരേഖകളോടുളള ബോധവൽക്കരണ അഭിരുചി പരിപാടികൾ സംഘടിപ്പിക്കുക, കൂടാതെ രേഖകളുടെ സംരക്ഷണത്തിനുതകുന്ന സാങ്കേതിക വിദ്യ പകർന്നു നല്കുക, ഗവേഷകർക്കും സർക്കാരിന്റെ ഭരണ നിർവ്വഹണത്തിനും ആവശ്യമായ രേഖകൾ നല്കുക, കുട്ടികളിൽ ചരിത്രാവബോധം വളർത്തുന്നതിനായി ചരിത്രക്വിസ് സംഘടിപ്പിക്കുക, സ്‌കൂൾ തലത്തിൽ ഹെരിറ്റേജ് ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തനം സംഘടിപ്പിക്കുക, രേഖകളുടെ പകർപ്പ് ആവശ്യപ്പെടുന്നവർക്ക് നല്കുക, ഗവേഷകർക്ക് ഗവേഷണാനുമതി നല്കുക എന്നീ പ്രവർത്തനങ്ങളും വകുപ്പ് നടത്തി വരുന്നു.

സർക്കാർ നിശ്ചയിച്ച നിശ്ചിത ഫീസ് ഒടുക്കി ഗവേഷകർക്ക് ഒരു വർഷത്തേയ്ക്ക് വകുപ്പിന്റെ ഏതു രേഖാശേഖരത്തിൽ നിന്നും ആവശ്യമായ രേഖകളുടെ പകർപ്പുകൾ ലഭ്യമാക്കുന്നതിനുള്ള സാഹചര്യം നിലവിൽ ഉണ്ട്. നിരവധി ഗവേഷകർ ആണ് ഓരോ വർഷവും ഈ സേവനം പ്രയോജനപ്പെടുത്തുന്നത് ചരിത്ര പുസ്തകങ്ങൾ തയ്യാറാക്കുന്നവർക്കും ആർക്കൈവ്‌സിലെ ചരിത്രരേഖകൾ ഒരു അക്ഷയഖനിയാണ്. വസ്തുനിഷ്ഠമായ ചരിത്രരചനയ്ക്ക് ആധികാരികത വർദ്ധിപ്പിക്കുന്നതിന് ആർക്കൈവ്‌സ് രേഖകൾ ഒഴിച്ചു കൂടാനാകാത്തവയാണ്.

വകുപ്പിൻറെ വിവിധ ഓഫീസുകളിലെ രേഖാശേഖരത്തിൽ സൂക്ഷിച്ചിട്ടുള്ള അമൂല്യമായ ചരിത്രരേഖകളുടെ വിഷയ സൂചിക തയ്യാറാക്കി അവ ശാസ്ത്രീയമായി

പ്രയോജനപ്രദമാകും വിധം നൽകുന്നതിനുള്ള ഒരു വലിയ പദ്ധതിയാണ് പുരാ രേഖസംരക്ഷണ നിർവഹണ പദ്ധതി. വകുപ്പിന്റെ രേഖാശേഖരത്തിലെ അമൂല്യങ്ങളായതും കലാപഴക്കമുള്ളതുമായ പൈതൃകരേഖകൾ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണ്. ഈ ദൗത്യത്തിന്റെ ഭാഗമായി പൈതൃക രേഖകളുടെ സംരക്ഷണ പദ്ധതിയും കാലാകാലങ്ങളായി വകുപ്പ് നടപ്പിലാക്കി വരുന്നു.

2024-25 വർഷത്തെ വകുപ്പിന്റെ വിവിധ ഓഫീസുകളിൽ സർക്കാർ നടത്താനുദ്ദേശിക്കുന്ന രേഖകളുടെ ശാസ്ത്രീയ സംരക്ഷണം, വിഷയ സൂചിക തയ്യാറാക്കൽ എന്നീ പദ്ധതികളുടെ ഉദ്ഘാടന  കർമം ഏറെ നിർണായകമാണ്.  നമ്മുടെ ഗതകാല സ്മൃതികൾ സംരക്ഷിക്കുന്ന  പങ്കാളികളാകാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. പുരാരേഖാ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പാർവതി എസ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ,  കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള, ആർക്കിവിസ്റ്റ് ആർ അശോക് കുമാർ എന്നിവർ സംബന്ധിച്ചു.

Tags