സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍; മന്ത്രി ആര്‍ ബിന്ദു

google news
Minister R Bindu

തിരുവനന്തപുരം: കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും എകീകൃത അക്കാദമിക് കലണ്ടര്‍ തയ്യാറായെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു. എല്ലാ സര്‍വകലാശാലകളിലെയും ഒരു വര്‍ഷത്തെ പഠനവും പാഠ്യേതര പ്രവര്‍ത്തനത്തനവും ഏതാണ്ട് ഒരേ സ്വഭാവത്തിലാണ് തീരുമാനിച്ചിട്ടുള്ളത്. 

ഇരുപതാം തീയതിക്കുള്ളില്‍ ബിരുദത്തിനുള്ള പ്രവേശനവിജ്ഞാപനം പുറത്തിറക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഏഴാണെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 15നകം ട്രയല്‍ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂലായ് അദ്യവാരത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനാകും. എല്ലാ സര്‍വകലാശാലകളിലെയും രജിസ്ട്രാര്‍മാര്‍ ചേര്‍ന്ന സമിതിയാണ് അക്കാദമിക് കലണ്ടര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു. 

നാലുവര്‍ഷ കോഴ്സില്‍ മൂന്ന് വര്‍ഷംകൊണ്ട് ബിരുദവും നാലുവര്‍ഷം കഴിഞ്ഞാല്‍ ഓണേഴ്സും ലഭിക്കും. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടരവര്‍ഷം കൊണ്ട് ബിരുദപഠനം പൂര്‍ത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. അന്തര്‍ സര്‍കവകലാശാല മാറ്റത്തിനും ഈ പുതിയ രീതി അനുസരിച്ച കൂടുതല്‍ സാധ്യതകളുണ്ട്. 

പഠനത്തിനിടക്ക് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അന്തര്‍സര്‍വകലാശാലാ മാറ്റത്തിനുള്ള അവസരവുമുണ്ടാകും. റെഗുലര്‍ കോളജ് പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി കോഴ്‌സുകള്‍ ചെയ്യാനും അതിലൂടെ ആര്‍ജ്ജിക്കുന്ന ക്രെഡിറ്റുകള്‍ ബിരുദ/ഓണേഴ്സ് കോഴ്സ് പൂര്‍ത്തീകരിക്കാന്‍ ഉപയോഗപ്പെടുത്താനും സാധിക്കും. ഓരോ കലാലയത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ചു രീതികള്‍ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടാകും.

പുതിയ കാലത്തെ അക്കാദമിക്-കരിയര്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ചു സ്വന്തം ബിരുദം രൂപകല്‍പന ചെയ്യാനാണ് പുതിയ സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഉദാഹരണമായി, നിലവില്‍ കെമിസ്ട്രിയോടൊപ്പം ഫിസിക്സും കണക്കും നിര്‍ബന്ധമായി പഠിക്കേണ്ടതുണ്ടെങ്കില്‍, പുതിയ സംവിധാനത്തില്‍ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്സും ഇലക്ട്രോണിക്സും ചേര്‍ന്നോ, അല്ലെങ്കില്‍ സാഹിത്യവും സംഗീതവും ചേര്‍ന്നോ, അതുമല്ലെങ്കില്‍ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നല്‍കും. വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ചു പഠനം പഠനം രൂപകല്‍പന ചെയ്യാന്‍ പുതിയ സംവിധാനത്തിന്റെ ഭാഗമായി കലാലയങ്ങളില്‍ അക്കാദമിക് കൗണ്‍സിലര്‍മാരുണ്ടാവും.

എല്ലാ കലാലയങ്ങളിലും നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായുള്ള സേവനാവകാശ പത്രിക ഉടന്‍ പുറത്തിറക്കും. അഡ്മിഷന്‍ സംബന്ധിച്ച ഹെല്‍പ് ഡസ്‌കുകള്‍ എല്ലാ കലാലയങ്ങളിലും സര്‍വകലാശാലകളിലും സജ്ജമാക്കുമെന്നും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഓറിയന്റേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
 

Tags