കർണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി നടന്നുവെന്ന ആരോപണം അപലപനീയമെന്ന് മന്ത്രി ആർ. ബിന്ദു

Minister R Bindu

കണ്ണൂർ: കർണാടക സർക്കാരിനെ താഴെ ഇറക്കാൻ വേണ്ടി കേരളത്തിൽ മൃഗബലി നടന്നതായ ആരോപണം അപലപനീയമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരളത്തിൽ അതു നടക്കുമെന്ന് കരുതുന്നില്ല. പ്രബുദ്ധകേരളം അത്തരം കാര്യങ്ങളെ ചെറുക്കും. കേരളം അത്തരം വൃത്തികേടുകളിലേക്ക് പോകുന്ന സംസ്ഥാനമല്ലെന്നും മന്ത്രി പറഞ്ഞു.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപമുള്ള ഭൂമിയിൽ കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ ശത്രുസംഹാര യാഗവും മൃഗബലിയും നടത്തിയെന്നാണ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടാണ് ഇതു നടന്നത്. ഇതിന്റെ ഭാഗമായി 21 ആടുകള്‍, പോത്തുകള്‍ പന്നികള്‍ എന്നിവയെയൊക്കെ ബലി നല്‍കിയെന്നും ഡി.കെ ശിവകുമാർ ആരോപിച്ചു.

ആരാണ് ഇത് ചെയ്യിപ്പിച്ചതെന്ന് അറിയാമെന്നും, എന്നാല്‍ ഇതൊന്നും തന്നെ ഏല്‍ക്കില്ലെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിന് സമീപമാണ് ശത്രു ഭൈരവി യാഗം നടത്തിയത്. ശത്രുക്കളെ ഇല്ലാതാക്കാന്‍ പഞ്ചബലിയും നടത്തി. ഇതിലാണ് ആടും പോത്തും ഉള്‍പ്പെടെ വ്യത്യസ്ത മൃഗങ്ങളെ ബലി നല്‍കിയത്. പൂജകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു.

പൂജകളില്‍ പങ്കെടുക്കുന്ന ആളുകളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ള ആളുകളാണ് പൂജകള്‍ നടത്തിയത്. അത് അവരുടെ വിശ്വാസമാണ്. അത് അവര്‍ക്ക് വിട്ടുനല്‍കുന്നു. അവര്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യട്ടെ. ഞാന്‍ വിശ്വസിക്കുന്ന ദൈവം ശക്തനാണെന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ പൂജകള്‍ നടത്തിയത് ആരാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും ശിവകുമാർ പറഞ്ഞു.

Tags