ന്യൂറോഡൈവർജന്റ് പ്രശ്‌നങ്ങളുള്ളവർക്ക് സമൂഹത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരമൊരുക്കണം: മന്ത്രി ആർ ബിന്ദു
ന്യൂറോഡൈവർജന്റ് പ്രശ്‌നങ്ങളുള്ളവരുടെ ഭദ്രമായ ജീവിതത്തിന് വരുമാനദായകമായ തൊഴിൽ ചെയ്യാൻ അവരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും അവർക്ക് സമൂഹത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരമൊരുക്കി കൊടുക്കുക എന്നത് അവരുടെ വ്യക്തിത്വവികാസത്തിൽ വല്യ സ്വാധീനം ചെലുത്തുമെന്നും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. ന്യൂറോ ഡൈവർജന്റ് ഡിസോർഡറുകൾ സംബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതിനകം തന്നെ പ്രധാന വിഷയങ്ങളെ ആധാരമാക്കി ഈ മേഖലയിൽ മീറ്റിങ്ങുകൾ ചേർന്നിട്ടുണ്ട്. ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ച് പ്രാഥമികമായ കാഴ്ചപ്പാടുണ്ട്. അതിനെ ഒരു ശക്തമായ പ്രൊജക്റ്റ് ആക്കി മാറ്റുകയാണ് വേണ്ടതെന്നും അതിനു ശിൽപശാല സഹായകമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഏർളി ഡിറ്റക്ഷൻ ആന്റ് ഏർളി ഇന്റർവൻഷൻ സെന്ററുകൾ വളരെ മികവാർന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. വളരെ ശ്ലാഘനീയമായ നിലയിലാണ് ഏർളി ഡിറ്റക്ഷൻ ആന്റ് ഏർളി ഇന്റർവൻഷൻ സെന്ററുകൾ പ്രവർത്തിക്കുന്നത് എന്നാണ് അവിടെ വരുന്ന ന്യൂറോ ഡൈവർജെന്റ് പ്രശ്‌നങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കൾ സാക്ഷ്യം പറയുന്നതിൽ നിന്ന് തനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഇത്തരം പ്രശനങ്ങൾ അനുഭവിക്കുന്നവരുടെ മാതാപിതാക്കൾ എപ്പോഴും കുട്ടികൾക്കൊപ്പം ഉണ്ടാകണം എന്നുള്ളതുകൊണ്ട് തന്നെ അവർക്ക് തൊഴിൽ ചെയ്യാനോ അല്ലെങ്കിൽ മാനസിക ഉല്ലാസം ലഭിക്കുന്ന കാര്യങ്ങളിൽ ഏർപ്പെടാനോ ഒന്നിലും തന്നെ സാധ്യതയില്ലാത്ത നിലയുണ്ട്. അതുകൊണ്ട് മാതാപിതാക്കളുടെ ശാക്തീകരണവും വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പറഞ്ഞു.
ഏർളി ഡിറ്റക്ഷൻ ആന്റ് ഏർളി ഇന്റർവൻഷന് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ആകെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഒരു നെറ്റ്‌വർക്ക് സാമൂഹ്യ നീതി വകുപ്പിന് കീഴിൽ രൂപീകരിക്കണമെന്നാണ് വിഭാവനം ചെയ്തിട്ടുള്ളത്. സാമൂഹ്യ നീതി വകുപ്പാണ് അതിന് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പി ടി ബാബുരാജ്, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ പ്രിയങ്ക ജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുജ കെ കുന്നത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.