ശ്രീകാര്യം മേൽപ്പാലം പ്രവൃത്തി വേഗത്തിൽ ആരംഭിക്കും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്
ശ്രീകാര്യം മേൽപ്പാലത്തിന്റെ ടെണ്ടറിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ നഗരത്തിലേക്ക് തടസ്സമില്ലാത്ത യാത്രക്കുള്ള സാഹചര്യമൊരുങ്ങുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ശ്രീകാര്യത്തെ ഗതാഗതക്കുരുക്ക് മറികടക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്. മേൽപ്പാലത്തിനുള്ള സ്ഥലമേറ്റെടുക്കൽ നേരത്തെ തന്നെ പൂർത്തിയായി. ഈ സാഹചര്യത്തിൽ വേഗത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും. പദ്ധതിയുടെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡുമായി ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
71.38 കോടി രൂപ ചെലവഴിച്ചാണ് മേൽപ്പാലനിർമ്മാണം നടത്തുന്നത്. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്കാണ് നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി കൂടി മുന്നിൽ കണ്ടാണ് ശ്രീകാര്യത്ത് മേൽപ്പാലം നിർമ്മിക്കുക. ഈ പാക്കേജിന്റെ ഭാഗമായി ഉള്ളൂർ, പട്ടം എന്നിവിടങ്ങളിലും മേൽപ്പാലം നിർമ്മിക്കാൻ പദ്ധതി തയ്യാറാകുന്നുണ്ട്. ഇവിടങ്ങളിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ തുടരുകയാണ്.