വന്‍കിട വ്യാവസായിക പദ്ധതികളേക്കാള്‍ കേരളത്തില്‍ സാധ്യത എംഎസ്എംഇ മേഖലയ്ക്ക്: മന്ത്രി പി. രാജീവ്

MSME sector has more potential in Kerala than big industrial projects
MSME sector has more potential in Kerala than big industrial projects

തിരുവനന്തപുരം: വന്‍കിട വ്യാവയായിക പദ്ധതികളേക്കാള്‍ സാമ്പത്തികച്ചെലവ് കുറഞ്ഞതും പാരിസ്ഥിതികാഘാതമില്ലാത്തതും വലിയ തോതില്‍ ഭൂമി ആവശ്യമില്ലാത്തതുമായ എംഎസ്എംഇ പദ്ധതികള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതയാണുള്ളതെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ലോക ബാങ്ക് പിന്തുണയോടെ കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയം നടപ്പിലാക്കുന്ന റൈസിംഗ് ആന്‍ഡ് ആക്സിലറേറ്റിംഗ് എംഎസ്എംഇ പെര്‍ഫോര്‍മന്‍സ്(റാംപ്) പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല റോള്‍ ഔട്ട് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളെ പോലെ എംഎസ്എംഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) മേഖലയും കേരളത്തിന്‍റെ വ്യാവസായികാന്തരീക്ഷത്തില്‍ പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ എംഎസ്എംഇ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുന്ന പദ്ധതിയായി റാംപിനെ കാണാനാകും. നിലവിലുള്ള എംഎസ്എംഇ സംവിധാനങ്ങളെ മെച്ചപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാന്‍ റാംപ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന കേന്ദ്ര ഗ്രാന്‍റുകളിലൂടെ സാധിക്കും.

2025 ഫെബ്രുവരിയില്‍ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിക്കു മുന്നോടിയായി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന റൗണ്ട് ടേബിള്‍ സമ്മേളനങ്ങളിലും റോഡ് ഷോകളിലുമെല്ലാം എംഎസ്എംഇ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഒരു ലക്ഷം വ്യവസായ സംരംഭങ്ങള്‍ എന്ന വ്യവസായ വകുപ്പിന്‍റെ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍ 2,75,000 സംരംഭങ്ങളാണ് ഇതില്‍ ആരംഭിക്കാനായത്. ഈ മാതൃകയുടെ തുടര്‍ച്ചയെന്നോണം അഭ്യസ്തവിദ്യരായ വീട്ടമ്മമാരുടെ സേവനവും നൈപുണ്യവും പ്രയോജനപ്പെടുത്തി ഓരോ വീട്ടിലും ഓരോ സംരംഭങ്ങള്‍ ആരംഭിക്കുന്ന സ്ഥിതിയുണ്ടാകണം. പ്രത്യേക ചെറുകിട വ്യവസായങ്ങള്‍ നിലനില്‍ക്കുന്ന മേഖലകളെ വ്യത്യസ്ത ക്ലസ്റ്ററുകളായി മാറ്റുന്നത് പരിഗണിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ എംഎസ്എംഇകള്‍ക്ക് വളരാനും വിവിധ മേഖലകളില്‍ ശേഷി വികസിപ്പിക്കുവാനും സഹായകമാകുന്നതാണ് റാംപ് പദ്ധതിയെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ്. ഹരികിഷോര്‍ പറഞ്ഞു. റാംപ് പദ്ധതിയിലൂടെ ഇപ്പോള്‍ സംസ്ഥാനത്തിന് ലഭിച്ച 107 കോടി രൂപയുടെ ഗ്രാന്‍റ് നിലവിലുള്ള എംഎസ്എംഇകളുടെ പ്രവര്‍ത്തനത്തെ വിപുലപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ രാജീവ് ജി., കെ.എസ് കൃപകുമാര്‍, കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍ എന്നിവര്‍ സംസാരിച്ചു.

എംഎസ്എംഇ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.ആര്‍ രാജേശ്വരി, റാംപ് നാഷണല്‍ പിഎംയു മേധാവി ഡോ. മിലന്‍ ശര്‍മ്മ എന്നിവര്‍ റാംപ് പദ്ധതിയെക്കുറിച്ച് അവതരണം നടത്തി. കേരളത്തിലെ റാംപ് പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ച് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷബീര്‍ എം സംസാരിച്ചു.

ഗവ. ഇ-മാര്‍ക്കറ്റ് പ്ലേസിനെക്കുറിച്ച് ജിഇഎം ബിസിനസ് ഫെസിലിറ്റേറ്റര്‍ മനേഷ് മോഹന്‍, കേരള വ്യവസായ നയത്തെയും ഇന്‍സെന്‍റീവുകളെയും കുറിച്ച് വ്യവസായ വാണിജ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേംരാജ് പിയും അവതരണം നടത്തി.

ഈ വര്‍ഷം ജനുവരിയില്‍ സംസ്ഥാന വ്യവസായ വകുപ്പ് സമര്‍പ്പിച്ച റാംപ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനിന് കേന്ദ്ര അംഗീകാരം ലഭിച്ചു. ഇതില്‍ പരാമര്‍ശിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായിട്ടാണ് 107.71 കോടി രൂപയുടെ ഗ്രാന്‍റ് ആണ് നല്‍കിയത്. മിഷന്‍ 1000 യൂണിറ്റുകള്‍ക്കുള്ള ഡിപിആര്‍ സഹായം, എം.എസ്.എം.ഇ.കള്‍ക്ക് ബിസിനസ് എക്സിക്യൂട്ടീവ്സ് വഴി ഹാന്‍ഡ്ഹോള്‍ഡിങ്, ഇറക്കുമതി ബദല്‍ പഠനവും സ്ട്രാറ്റജിക് പ്ലാന്‍ തയ്യാറാക്കലും, എം.എസ്.എം.ഇ-ടെക്നോളജി ക്ലിനിക്കുകള്‍, പരിശീലന പരിപാടികള്‍ തുടങ്ങിയവ ഇതിന്‍റെ ഭാഗമായി വരും. ഈ പദ്ധതികളുടെ ആസൂത്രണവും നടപ്പിലാക്കലും സംസ്ഥാന വ്യവസായ വകുപ്പിന്‍റെ നേത്രത്വത്തില്‍ ആയിരിക്കും. വരുന്ന 3 വര്‍ഷ കാലയളവിലാണ് പദ്ധതികള്‍ നടപ്പിലാക്കേണ്ടത്. പദ്ധതി നടപ്പിലാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്തിയ ശേഷം തുടര്‍ന്നുള്ള ഗ്രാന്‍റ് ഫണ്ട് എംഎസ്എംഇ മന്ത്രാലയം നല്‍കും.

ദേശീയ, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കി വരുന്ന എംഎസ്എംഇ പദ്ധതികളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുക, എംഎസ്എംഇകള്‍ക്കിടയില്‍ നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ആശയവിനിമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക, എം.എസ്.എം.ഇ ഉത്പന്നങ്ങള്‍ക്ക് വിപണി വര്‍ദ്ധിപ്പിക്കുക, സംരംഭങ്ങള്‍ക്കിടയില്‍ ഹരിതവത്കരണ രീതികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ റാംപ് പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
 

Tags