കൈത്തറിയിൽ പുതിയ ഡിസൈനുകൾ അനിവാര്യം:മന്ത്രി പി രാജീവ്
കണ്ണൂർ:കൈത്തറിയിൽ പരമ്പരാഗത ഉത്പന്നങ്ങൾക്ക് പുറമെ പുതിയ ഡിസൈനുകൾ ഉണ്ടാക്കാൻ പരിശ്രമിക്കണമെന്ന് വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കണ്ണൂരിൽ കേരള കൈത്തറി മുദ്രയ്ക്കുള്ള രജിസ്‌ട്രേഷന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ യൂനിഫോം പദ്ധതിയെ മാത്രം ആശ്രയിച്ചാൽ മതിയെന്ന ധാരണ വൈവിധ്യവത്കരണത്തിനുള്ള ഊർജം നഷ്ടപ്പെടുത്തും.
സർക്കാർ എല്ലാം തരട്ടെ എന്ന ചിന്തയിൽ മാറ്റം വരണം. കൈത്തറി മുദ്ര മൂല്യവർധനവിന് സഹായകരമാണെന്നും മന്ത്രി പറഞ്ഞു.
കൈത്തറി രജിസ്‌ട്രേഷൻ ആദ്യമായി പൂർത്തീകരിച്ച കാഞ്ഞിരോട് വീവേഴ്‌സ് സഹകരണ സൊസൈറ്റി, കളമച്ചാൽ ഹാൻഡ്‌ലൂം വീവേഴ്‌സ് സഹകരണ സൊസൈറ്റി, പറവൂർ വീവേഴ്‌സ് സഹകരണ സൊസൈറ്റി എന്നിവർ സർട്ടിഫിക്കറ്റ് മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. കൈത്തറി മുദ്രയുള്ള വസ്ത്രങ്ങളിലെ ക്യുആർ കോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു. ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ കൈത്തറി വസ്ത്രത്തിന്റെ നിർമ്മാതാക്കളുടെ വിവരം, നിർമ്മാണ വീഡിയോ എന്നിവ ലഭിക്കുന്നു.
ഈ പദ്ധതി കേരളത്തിലെ കൈത്തറി ഉത്പന്നങ്ങളെ ദേശീയ അന്തർദേശീയ തലത്തിൽ ബ്രാൻഡ് ചെയ്യുക, കൂടുതൽ മെച്ചപ്പെട്ട വിപണി സാധ്യതകൾ കണ്ടെത്തുക, നൂതന ഡിസൈൻ ആശയങ്ങൾ കൈത്തറിയിൽ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ കേരള കൈത്തറി മേഖലയെ സമഗ്രമായി പുനരുജ്ജീവിപ്പിക്കാനാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി, കേരള കൈത്തറി ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്‌സൈറ്റ് വികസിപ്പിച്ചിട്ടുണ്ട്. കൈത്തറി ഉത്പന്നങ്ങൾക്ക് കേരള കൈത്തറി മുദ്ര ഉപയോഗിക്കുന്നതിന് പ്രസ്തുത വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ ചെയ്ത് സർട്ടിഫിക്കറ്റ് ലഭിക്കണം.
ഈ പ്രവർത്തനങ്ങൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി, കണ്ണൂർ ആണ് നിർവഹിച്ചുവരുന്നത്.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. കൈത്തറി ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്ടർ കെ എസ് അനിൽകുമാർ, ഹാൻവീവ് ഡയറക്ടർ ടി കെ ഗോവിന്ദൻ മാസ്റ്റർ, കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, വീവേഴ്‌സ് സർവീസ് സെൻറർ ഡെപ്യൂട്ടി ഡയറക്ടർ എസ്ടി സുബ്രഹ്മണ്യൻ, കണ്ണൂർ ഹാൻവീവ് എംഡി അരുണാചലം സുകുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് അജിമോൻ, ഹാൻറ്‌ലൂം എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് സോമശേഖരൻ, കൈത്തറി സൊസൈറ്റി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ വി ബാബു, ഐഐടി എക്‌സിക്യുട്ടീവ് ഡയറക്ടർ എൻ ശ്രീധന്യൻ എന്നിവർ സംസാരിച്ചു.