ആന്റിബയോട്ടിക് സാക്ഷരത പൊതുസമൂഹത്തിന് അനിവാര്യം : മന്ത്രി പി പ്രസാദ്
ആലപ്പുഴ : ആൻറി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ ആൻറിബയോട്ടിക്കുകൾക്കെതിരെയുള്ള രോഗാണുക്കളിലെ പ്രതിരോധം നിശബ്ദമാരിയായി ലോകം മുഴുവൻ അംഗീകരിക്കുന്ന പശ്ചാത്തലത്തിൽ ആൻറിബയോട്ടിക്കുകളുടെ ഉപയോഗം സംബന്ധിച്ച് സാക്ഷരത ഉണ്ടാക്കിയെടുക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. മനുഷ്യരിലും മൃഗങ്ങളിലും സസ്യ വൃക്ഷാദികളിലും അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ, ആന്റിവൈറലുകൾ തുടങ്ങിയ മരുന്നുകളുടെ ദുരുപയോഗവും അശാസ്ത്രീയമായ പ്രയോഗവും മരുന്നുകളോട് രോഗാണുക്കൾ പ്രതികരിക്കാത്ത സാഹചര്യമുണ്ടാക്കും. ഇത് പകർച്ചവ്യാധി നിയന്ത്രണത്തിലും ചികിത്സയുടെ സാധ്യതകളെയും ഇല്ലാതാക്കുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സാമൂഹ്യ അധിഷ്ഠിത ആന്റി മൈക്രോബിയൽ പ്രതിരോധ നിയന്ത്രണ പരിപാടി ‘അമരം’ ( ആലപ്പുഴ മോഡൽ ഓഫ് ആൻറി മൈക്രോബ്യൻ റെസിസ്റ്റൻസ് അവയർനസ് ആൻഡ് മിറ്റിഗേഷൻ ) ജില്ലാതല ഉദ്ഘാടനം മുഹമ്മയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആൻറിബയോട്ടിക്കുകളുടെ കണ്ടുപിടിത്തം ലോകത്ത് വലിയ മാറ്റമുണ്ടാക്കി. ജീവൻ നിലനിർത്തുന്നതിന് ഏറെ ഗുണപ്പെട്ടു. എന്നാൽ സ്വയം ചികിത്സയും ആവശ്യമില്ലാത്ത സന്ദർഭത്തിലുള്ള ആൻറിബയോട്ടികളുടെ ഉപയോഗവും രോഗാണുക്കളിൽ വലിയ പ്രതിരോധമാണ് സൃഷ്ടിക്കുന്നത്. രോഗാണുക്കളെ അതിജീവിക്കുന്നതിന് ആൻറിബയോട്ടിക്കുകൾക്ക് കഴിയാത്ത സാഹചര്യം ഇത് സൃഷ്ടിക്കും. ഈ വിഷയത്തെ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലം മുതൽ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതിൻറെ തുടർച്ചയായാണ് ആലപ്പുഴയിൽ ഇത്തരമൊരു ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി.രാജേശ്വരി അധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അമരം ലോഗോ പ്രകാശനം, ജില്ലാ മെഡിക്കൽ ഓഫിസ് ആരോഗ്യബോധവൾക്കരണ വിഭാഗം തയ്യാറാക്കിയ കൈപ്പുസ്തകം പ്രകാശനം എന്നിവ കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് ബോധവത്ക്കരണ പ്രദർശനം, സന്ദേശ പ്രചാരണ റാലി എന്നിവ സംഘടിപ്പിച്ചിരുന്നു.അമരം മുഹമ്മ ഗ്രാമപ്പഞ്ചായത്തിൽ നടപ്പിലാക്കുന്നതിൻ്റെ പ്രഖ്യാപനം വിളംബര പത്രിക വായിച്ചു കൊണ്ട് മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്ന ഷാബു നിർവഹിച്ചു. എ.എം.ആർ പ്രതിജ്ഞ മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.ടി. റെജി ചൊല്ലിക്കൊടുത്തു. ഏകാരോഗ്യം പോസ്റ്റർ മുഹമ്മ ബ്ലോക്ക് വൺ ഹെൽത്ത് മെൻ്റർ സോണി ഏറ്റുവാങ്ങി.ജില്ലാ ആരോഗ്യവകുപ്പ് ബോധ്യം വാട്ട്സ് ആപ്പ് ചാനലിലൂടെ എ.എം.ആർ ബോധവത്കരണ സന്ദേശ പ്രചാരണോദ്ഘാടനം മുഹമ്മ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി പ്രസിഡൻ്റ് നസീമ ടീച്ചർ നിർവഹിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.ഡി വിശ്വനാഥൻ സംസാരിച്ചു.
ഉപയോഗ ശൂന്യമായ മരുന്നുകളുടെ ശേഖരണത്തിനുള്ള പ്രൗഡ് പ്രോഗ്രാം പോസ്റ്റർ പ്രകാശനം ജില്ല എ.എം.ആർ നോഡൽ ഓഫീസർ ഡോ ശാന്തി, ഡോ ജയന്തി, ഡോ ടെനി എന്നിവർക്ക് കൈമാറി.ജില്ലാ എ.എം.ആർ നോഡൽ ഓഫീസർ ഡോ ശാന്തി ക്ലാസ് നയിച്ചു.ആർദ്രം നോഡൽ ഓഫീസർ ഡോ ബിനോയ് ടി , ജില്ലാ എജുക്കേഷൻ ആന്‍റ് മീഡിയ ഓഫീസർ രജനി ജി.,മുഹമ്മ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.പി. മഹീധരൻ, ഡോ ജീന എസ്.എൻ, ഡോ സുമൻ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ വിനോദ് എന്നിവർ സംസാരിച്ചു.