ആറളത്തെ ആനമതിൽ മാർച്ച് മാസത്തോടെ പൂർത്തിയാക്കണം :മന്ത്രി ഒ ആർ കേളു
കണ്ണൂർ : ആറളത്തെ ആനമതിൽ നിർമാണം മാർച്ച് മാസത്തോടെ പൂർത്തിയാക്കണമെന്ന് പട്ടിക ജാതി, പട്ടിക വർഗ വകുപ്പ് മന്ത്രി ഒ ആർ കേളു നിർദേശിച്ചു. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പട്ടിക ജാതി, പട്ടിക വർഗ, പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ ജില്ലാ തല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ, വന്യജീവി സംഘർഷം ഏറെ ഗുരുതരമായ പ്രശ്നമാണ്. ഇതിന് പരിഹാരമുണ്ടാക്കാനാണ് ആനമതിൽ പദ്ധതി നടപ്പിലാക്കുന്നത്.
അത് എത്രയും വേഗം പൂർത്തിയാക്കണം. ആവശ്യമായ മരങ്ങൾ മുറിച്ചുമാറ്റാനും മറ്റും ആവശ്യമായ നടപടികൾ വനം, പൊതുമരാമത്ത് വകുപ്പുകളും ടിആർഡിഎമ്മും ആറളം ഫാം മാനേജ്മെന്റും കൂട്ടായി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആറളം ഫാമിൽ ഹാങ്ങിംഗ് ഫെൻസിംഗ് പദ്ധതി യുടെ സാധ്യത പരിശോധിക്കാൻ വനം വകുപ്പിന് നിർദേശം നൽകി. ഫാമിനെ ലാഭകരമാക്കാൻ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാനും പുതിയ വിളകൾ പരീക്ഷിക്കാനും മന്ത്രി നിർേദശിച്ചു.
എല്ലാ നഗറുകളിലും കുടിവെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഏത് സങ്കേതത്തിലാണ്, നഗറിലാണ് റോഡ് സൗകര്യം, വൈദ്യുതി ഇല്ലാത്തത് എന്ന് കണ്ടുപിടിച്ച് അതിനുള്ള നടപടികൾ സ്വീകരിക്കണം. ഇക്കാര്യത്തിൽ അതീവ പ്രാധാന്യത്തോടെയുള്ള ഇടപെടൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം.
പട്ടികജാതി പട്ടിക വർഗ വകുപ്പുകളിലെ പൊതുവായ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാണിക്കണം. പദ്ധതി ശുപാർശ നൽകുകയും പണം നൽകുകയും മാത്രമല്ല, പദ്ധതി നിർവഹണത്തിന് കൃത്യമായി മേൽനോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക എന്നതും വകുപ്പിന്റെ ചുമതലയാണ്.
പദ്ധതികൾ സമയബന്ധിതമായും ഫലപ്രദമായും പൂർത്തിയാക്കുന്നതിന് ഇതാവശ്യമാണ്. ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റിയിൽ എല്ലാ മാസവും പദ്ധതികളുടെ പുരോഗതി അവലോകനം നടത്തണം. ഇതിനായി നിർവഹണ ഉദ്യോഗസ്ഥരെക്കൂടി ഈ യോഗങ്ങളിലേക്ക് വിളിക്കണമെന്നും മന്ത്രി നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ എസ്സി, എസ്ടി മേഖലയിലെ പദ്ധതികളുടെ ഫണ്ട് വിനിയോഗം മെച്ചപ്പെടുത്താനുള്ള ഇടപെടലും ഉണ്ടാകണം.
നിയോജക മണ്ഡലാടിസ്ഥാനത്തിൽ മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതും ഫലപ്രദമായി ചേരാൻ കഴിയണം. അംബേദ്കർ ഗ്രാമപദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം. പദ്ധതികൾ അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ല. അംബേദ്കർ ഗ്രാമം പദ്ധതിയിൽ പൂർത്തിയാക്കാതെ കിടക്കുന്ന ഹാബിറ്റാറ്റിന്റെ പ്രവൃത്തികൾ പരിശോധിച്ച് അന്തിമമായി തീർപ്പാക്കണം.
എസ്‌സി, എസ്ടി വകുപ്പിലെ പദ്ധതികൾ ഭരണാനുമതി നൽകാൻ വകുപ്പിൽ സംസ്ഥാന തലത്തിൽ പ്രത്യേക സമിതി രൂപീകരിക്കും. അതിനായി പ്രത്യേക ഉത്തരവിറക്കും. ഒരു കോടി വരെയുള്ള പ്രവൃത്തികൾക്ക് ജില്ലാതലത്തിൽ ഭരണാനുമതി നൽകുന്നതിന് ജില്ലാതലത്തിൽ കലക്ടറുടെ നേതൃത്വത്തിൽ വിദഗ്ധരടങ്ങിയ സമിതിയും രൂപീകരിക്കും. പദ്ധതി പ്രവർത്തനങ്ങൾക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനാണ് ഈ തീരുമാനം.
പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ എല്ലാ മാസവും മന്ത്രിയുടെ സാന്നിധ്യത്തിൽ ഓൺലൈൻ യോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രൊമോട്ടർമാരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. ആഴ്ചയിൽ രണ്ടു ദിവസം മാത്രം അവർ ഓഫീസിൽ വന്നാൽ മതി. ബാക്കിയുള്ള നാല് ദിവസം ഫീൽഡിൽ ആയിരിക്കണം. സ്‌കൂളുകളും അങ്കണവാടികളും സന്ദർശിക്കൽ, ഭവന നിർമ്മാണ പദ്ധതികളുടെ പുരോഗതി വിലയിരുത്തൽ, സങ്കേതങ്ങളിലെ സന്ദർശനം എന്നിവ നടത്തണം. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും മറ്റും ഇത് സഹായിക്കും.
എസ്‌സി, എസ്ടി വകുപ്പുകൾക്ക് കീഴിലെ ഹോസ്റ്റലുകളിൽ ഉദ്യോഗസ്ഥർ മിന്നൽപരിശോധനകൾ നടത്തണം. കെട്ടിടം പണി പൂർത്തിയായിട്ടും പ്രവർത്തനം ആരംഭിക്കാത്ത പെരിങ്ങോം ഹോസ്റ്റൽ അടിയന്തരമായി പ്രവർത്തനക്ഷമമാക്കണം. സാമൂഹിക പഠനമുറികൾ എല്ലാം കൃത്യമായി പ്രവർത്തിപ്പിക്കണം. ഇവ കേന്ദ്രീകരിച്ച് ഓൺലൈൻ പിഎസ്‌സി ക്ലാസുകൾ ആരംഭിക്കും. വകുപ്പുകൾ ഹോംസർവ്വേ പൂർത്തിയാക്കണം. എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് എത്രയും വേഗം മാറേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. എംഎൽഎമാരായ കെ വി സുമേഷ്, അഡ്വ. സണ്ണി ജോസഫ്, കെ പി മോഹനൻ, എം വിജിൻ, അഡ്വ. സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൽ, അസി. കലക്ടർ ഗ്രന്‌ഥേ സായികൃഷ്ണ, എസ്‌സി വകുപ്പ് ജോയിൻറ് ഡയറക്ടർ കെ എസ് ശ്രീരേഖ, എസ്ടി വകുപ്പ് ജോയിൻറ് ഡയറക്ടർ സിന്ധു പരമേഷ് എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സംബന്ധിച്ചു.