സംസ്ഥാനത്ത് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വന്‍ സ്വീകാര്യത: മന്ത്രി എം.ബി രാജേഷ്

 MB Rajesh
 MB Rajesh

കണ്ണൂർ : സംസ്ഥാനത്ത് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജില്ലയിലെ കുടുംബശ്രീയുടെ കഫേ മേഖലയിലെ നൂതന ചുവടുവെപ്പായ പ്രീമിയം കഫേയുടെ ഉദ്ഘാടനം പായം പഞ്ചായത്തിലെ കുന്നോത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആധുനിക രീതിയില്‍  മികച്ച സൗകര്യങ്ങളോട് കൂടിയ റസ്റ്റോറന്റ് ശൃംഖലയാണ് കുടുംബശ്രീ പുതിയതായി ആരംഭിക്കുന്ന പ്രീമിയം കഫേ. അങ്കമാലി, തൃശ്ശൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഏതാനും മാസങ്ങള്‍ കൊണ്ട് രണ്ടര കോടി രൂപയുടെ വിറ്റു വരവാണ് പ്രീമിയം കഫേകള്‍ക്ക് മാത്രം ലഭിച്ചത.് ജനങ്ങള്‍ കഫേകള്‍ സ്വീകരിച്ചു എന്നതിന് തെളിവാണിതെന്നും മന്ത്രി പറഞ്ഞു.


 കുടുംബശ്രീക്ക് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ കാലം കൊണ്ട് കേരളത്തിലെ എല്ലാ മേഖലകളിലും മായാത്ത മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ സ്ത്രീ ജീവിതത്തിന്റെ വിധിവാക്യങ്ങളെ തിരുത്തിക്കുറിച്ച മഹാപ്രസ്ഥാനമാണ് കുടുംബശ്രീ. കോവിഡ്, പ്രളയകാലത്ത് ഉള്‍പ്പെടെ കുടുംബശ്രീയുടെ ഇടപെടലുകള്‍ രാജ്യത്തും ലോകം മുഴുവനും ശ്രദ്ധനേടിയിട്ടുള്ളതാണ്. കുടുംബശ്രീയുടെ ഒരു പ്രധാന പ്രവര്‍ത്തന മേഖലയാണ് രുചിയുടേത്. കഫേ ശ്രീ, ജനകീയ ഹോട്ടലുകള്‍ ഉള്‍പ്പെടെ 7500 ഓളം സംരംഭങ്ങള്‍ കുടുംബശ്രീ ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുകള്‍ സരസ് മേളയിലും കേരളീയം വേദികളിലും ജനലക്ഷങ്ങള്‍ സന്ദര്‍ശിക്കുന്ന രുചി വൈവിധ്യത്തിന്റെ ഇടമായി മാറിയിട്ടുണ്ട്. ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന രുചിയുടെ കേന്ദ്രമായി കണ്ണൂരിലെ കഫേയും മാറുമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ലോഗോ പ്രകാശനം ചെയ്തു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി, കുടുംബശ്രീ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എംവി ജയന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

Tags