പ്രൊപ്പോസൽ പരിശോധിച്ച് നിലവിലുള്ള ചട്ടങ്ങൾ പ്രകാരമാണ് എഥനോൾ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകിയത്: മന്ത്രി എം ബി രാജേഷ്
കഞ്ചിക്കോട് പുതുതായി എഥനോൾ നിർമ്മാണ പ്ലാന്റ് ആരംഭിക്കാൻ മന്ത്രിസഭ അനുമതി നൽകിയതിനെതിരെ ഉയർന്ന വിമർശനങ്ങളിൽ കഴമ്പില്ലെന്നും സർക്കാരിന്റെ മുൻപിൽ സമർപ്പിക്കപ്പെട്ട ഒരു ഇൻവെസ്റ്റ്മെന്റ് പ്രൊപ്പോസലിൽ നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചതെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രൊപ്പോസൽ പരിശോധിച്ച് നിലവിലുള്ള ചട്ടങ്ങൾ പ്രകാരമാണ് അനുമതി നൽകിയത്. ഇപ്പോൾ ഒരു കമ്പനിയാണ് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ളത്. അവർക്ക് എല്ലാ പരിശോധനകളുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള നിയമങ്ങളെല്ലാം പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി നൽകിയത്. മറ്റാരെങ്കിലും പ്രൊപ്പോസൽ സമർപ്പിച്ചാൽ അതിനും ഇതേ നടപടിക്രമങ്ങൾ തന്നെയാകും പിൻതുടരുക. ഇപ്പോൾ പെട്രോളിയം കമ്പനികൾക്കും എഥനോൾ വലിയ തോതിൽ ആവശ്യമുണ്ട്. കേരളത്തിൽ തന്നെ ഉൽപ്പാദനം നടക്കുമ്പോൾ സംസ്ഥാനത്തിന് അത് പ്രയോജനകരമാകുകയും വരുമാനമുണ്ടാകുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.