സമൂഹത്തിൽ നൻമയുടെ വെളിച്ചം പകരാൻ കഴിയണം: ബാലസഭാംഗങ്ങൾക്ക് കത്തെഴുതി മന്ത്രി എം.ബി രാജേഷ്

 MB Rajesh
 MB Rajesh

കുടുംബശ്രീ മൈൻഡ് ബ്‌ളോവേഴ്‌സ് ലിയോറ ഫെസ്റ്റ്' സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്നതിലൂടെ ഓരോ കുട്ടിക്കും ഉള്ളിലുള്ള വെളിച്ചത്തെ കണ്ടെത്താൻ കഴിയുന്നതിനൊപ്പം സമൂഹത്തിന് നൻമയുടെ വെളിച്ചം പകരാൻ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്.  സമ്മർ ക്യാമ്പിന്റെ ഭാഗമായി ഏപ്രിൽ എട്ടിന് സംസ്ഥാനത്തെ എല്ലാ വാർഡുകളിലും സംഘടിപ്പിക്കുന്ന ബാലസംഗമത്തിൽ പങ്കെടുക്കുന്നതിനായി ബാലസഭാംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മന്ത്രിയുടെ കത്തിലാണ് കുട്ടികൾക്കുള്ള ക്ഷണം.

ശുചിത്വോത്സവം, ശുചിത്വോത്സവം 2.0 യുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി എന്നിവയെല്ലാം കുടുംബശ്രീ ബാലസഭയുടെ പ്രവർത്തന മികവിന് തെളിവാണെന്ന് മന്ത്രി പറഞ്ഞു.  എന്നാൽ ഇത്രയേറെ സന്തോഷത്തിലും അഭിമാനത്തിലും നിൽക്കുമ്പോഴും സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആശങ്ക ഉണ്ടാക്കുന്നു. അത്തരം പ്രവൃത്തികളെ ചെറുത്തു തോൽപ്പിക്കണം. 'കുടുംബശ്രീ മൈൻഡ് ബ്‌ളോവേഴ്‌സ് ലിയോറ ഫെസ്റ്റ്' എന്നതാണ് ഈ വർഷത്തെ ക്യാമ്പിന് നൽകിയിരിക്കുന്ന പേര്. ഓരോരുത്തരും അവരുടെ ഉള്ളിലുള്ള വെളിച്ചത്തെ തിരിച്ചറിയുക എന്നതാണ് ഇതിൻറെ അർത്ഥം.

കഴിഞ്ഞ വർഷം ആരംഭിച്ച മൈൻഡ് ബ്‌ളോവേഴ്‌സ് ക്യാമ്പയിനിലൂടെ കുട്ടികളുടെ ഒട്ടേറെ നവീന ആശയങ്ങൾ രൂപീകരിക്കാൻ സാധിച്ചിട്ടുണ്ട്. കുട്ടികൾ തയ്യാറാക്കുന്ന നൂതന ആശയങ്ങളിൽ സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കുന്ന മികച്ച ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള എല്ലാ സഹായവും കുടുംബശ്രീ നൽകും. മധ്യവേനൽ അവധിക്കാലത്ത് കുടുംബശ്രീ സംഘടിപ്പിക്കുന്ന സമ്മർക്യാമ്പിൽ പങ്കെടുക്കുന്നതോടൊപ്പം കൂട്ടുകാരെയും പങ്കെടുപ്പിക്കണമെന്ന് പറഞ്ഞ മന്ത്രി എല്ലാ ബാലസഭാംഗങ്ങൾക്കും റംസാൻ, വിഷു, ഈസ്റ്റർ ആശംസകൾ നേർന്നു.മന്ത്രിയുടെ കത്ത് ഓരോ ജില്ലയിലുമുളള ബാലസഭാ റിസോഴ്‌സ് പേഴ്‌സൺമാർ വഴി ഏപ്രിൽ എട്ടിന് മുമ്പ് അതത് ബാലസഭയിലെത്തിക്കും.

Tags