നധികൃതമായി വയലും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മന്ത്രി കെ.രാജന്‍
കാസർകോട് : അനധികൃതമായി വയലും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. തണ്ണീര്‍ത്തട, നെല്‍വയല്‍ സംരക്ഷണ നിയമം ഭൂമിതരം മാറ്റാന്‍ മാത്രം ഉള്ളതല്ലെന്നും സംരക്ഷണത്തിനുള്ളതാണെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഭൂമി തരം മാറ്റല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2008ലെ തണ്ണീര്‍ത്തട, നെല്‍വയല്‍ നികത്തല്‍ തടയല്‍ നിയമം നിലവില്‍ വന്നതിനുശേഷം അനധികൃതമായി നികത്തിയിട്ടുള്ള ഭൂമി പുന:സ്ഥാപിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് രണ്ടുകോടി രൂപ വീതം റിവോള്‍വിങ് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. 14 ജില്ലകളിലും തുക അനുവദിക്കും. അനധികൃതമായി നികത്തിയ ഭൂമിയിലെ മണ്ണ് നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ തന്നെ നടപടി സ്വീകരിക്കണം. മണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ ആ ഭൂമി മണ്ണ് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിനാവശ്യമായ തുക ഉടമകളില്‍ നിന്നും ഈടാക്കും.
അനധികൃതമായി നികത്തിയതാണെന്ന് കണ്ടെത്തിയാല്‍ അത് നീക്കം ചെയ്യുന്നതിന് ഉടമകള്‍ക്ക് രണ്ട് ആഴ്ച സമയം അനുവദിക്കും. തുടര്‍ന്നായിരിക്കും ജില്ലാ കളക്ടറുടെ നടപടി. വയല്‍ തരം മാറ്റുന്നതിന് ഫോം അഞ്ചില്‍ അപേക്ഷ സ്വീകരിക്കുന്നത് തുടരേണ്ടതുണ്ടോയെന്ന് പരിശോധിക്കേണ്ടതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസില്‍ ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ടുള്ള 25 സെന്റിന് താഴെ യുള്ള ഉടമകളുടെ അപേക്ഷകളില്‍ പൂര്‍ണ്ണമായും നവംബര്‍ 30 നകം തീര്‍പ്പ് കല്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടര്‍ നേരിട്ട് നേതൃത്വം നല്‍കും.
വീട് നിര്‍മ്മിക്കാന്‍ എവിടെയും ഭൂമിയില്ലാത്തവര്‍ക്ക് ഫോം നമ്പര്‍ ഒന്നില്‍ അപേക്ഷിച്ചാല്‍ തരം മാറ്റാതെ നഗര പ്രദേശങ്ങളില്‍ 5 സെന്റിലും പഞ്ചായത്തുകളില്‍ 10 സെന്റിലും വീട് നിര്‍മ്മിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റല്‍ അപേക്ഷകളില്‍ അതിവേഗം പ്രശ്‌നപരിഹാരം കാണുന്നതിനാണ് തരം മാറ്റം അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. എം രാജഗോപാലന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍, മുന്‍സിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ വന്ദന ബല്‍രാജ്, എഡിഎം. പി അഖില്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.വി ജയപാലന്‍, കെ.വി കൃഷ്ണന്‍, ഉമേശന്‍ വാളൂര്‍, അഡ്വക്കേറ്റ് എന്‍.എ ഖാലിദ്, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എം ഹമീദ് ഹാജി, സുരേഷ് പുതിയേടത്ത്, വി കെ രമേശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വാഗതവും സബ് കളക്ടര്‍ പ്രതീക് ജയിന്‍ നന്ദിയും പറഞ്ഞു.