സംസ്ഥാനത്ത് വന്യൂ വകുപ്പിന്റെ സേവനങ്ങള്‍ സമ്പൂര്‍ണമായി ഓണ്‍ലൈനായി ലഭ്യമാക്കുക ലക്ഷ്യം : മന്ത്രി കെ. രാജന്‍

k rajan
k rajan

 പത്തനംതിട്ട : സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ ഓഫീസുകളുടെ മുമ്പില്‍ ആള്‍കൂട്ടമില്ലാതെ, സേവനങ്ങള്‍ സമ്പൂര്‍ണമായി ഓണ്‍ലൈനായി ലഭ്യമാകുന്ന കാലമാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടെ നിര്‍മാണ പൂര്‍ത്തീകരിച്ച ചെറുകോല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും ഓണ്‍ലൈനായി മറുപടി ലഭിക്കുവാനുമുള്ള സംവിധാനം ഒരുക്കും.  

പ്രവാസികളായ മലയാളികള്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ഭൂമിയുടെ നികുതി ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തയ്യാറാകുന്നു. ഓഫീസിലെത്തുന്ന ആളുകളെ സ്വീകരിക്കാനുള്ള സ്ഥലം, ടോയ്‌ലെറ്റ് ബ്ലോക്ക്, വില്ലേജ് ഓഫീസര്‍ക്കുള്ള മുറി, മറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, റെക്കോഡ് റൂം, ഭക്ഷണം കഴിക്കാനുള്ള സ്ഥലം, ഭിന്നശേഷിക്കാര്‍ക്ക് അനായാസം എത്തുന്നതിനുള്ള സൗകര്യം തുടങ്ങിയവ സ്മാര്‍ട്ട് വില്ലേജ് ഓഫീസില്‍ ഉണ്ട്. 

എങ്കിലും ഓഫീസിലെത്തുന്ന ജനങ്ങളുടെ സങ്കീര്‍ണമായ വിഷയങ്ങളില്‍ പരിഹാരം കാണുമ്പോളാണ് ഓഫീസ് സ്മാര്‍ട്ട് ആകുന്നത്.
ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് മുന്‍പ് കുടിയാന്മയുമായി ബന്ധപ്പെട്ട മുഴുവന്‍ അവകാശ തര്‍ക്കങ്ങളും കേരളത്തില്‍ അവസാനിപ്പിച്ച് 'കുടിയാന്റെ അവകാശങ്ങള്‍ സംരക്ഷിക്കുക എല്ലാവര്‍ക്കും ഭൂമി ഉറപ്പാക്കുക' എന്ന സാമൂഹിക ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.

റാന്നിയില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പരിഹാരം കാണുന്നതിന്  വകുപ്പ് മന്ത്രി നടത്തുന്ന സമയബന്ധിതമായ ഇടപെടലുകള്‍ മാതൃകാപരമാണന്ന് ചടങ്ങില്‍ അധ്യക്ഷ വഹിച്ച റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ പറഞ്ഞു. പെരുമ്പട്ടി പട്ടയത്തിന്റെ നിയപരമായ സങ്കീര്‍ണതകള്‍ പരിഹരിക്കാന്‍ ഇടപ്പെട്ട്, ഡിജിറ്റല്‍ സര്‍വേയില്‍ പെരുമ്പട്ടിയേയും അങ്ങാടിയേയും ചേത്തക്കലിനേയും ഉള്‍പ്പെടുത്തി വനം വകുപ്പുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈയെടുത്ത മന്ത്രിയോട് റാന്നിയിലെ ജനങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ് കുമാര്‍, തിരുവല്ല സബ്കളക്ടര്‍ സഫ്‌ന നസ്സറുദ്ദീന്‍, എഡിഎം ജി. സുരേഷ് ബാബു, ഡെപ്യൂട്ടി കളക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍. ബീനാ റാണി, , വിവിധ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags