ഓപ്പറേഷന്‍ സ്മൈല്‍ ഭാവനാപൂര്‍ണമായ പദ്ധതി ; മന്ത്രി കെ. രാജന്‍
കാസർകോട് : സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഏറ്റവും അര്‍ഹരായ ജനതയ്ക്ക് നീതി ലഭ്യമാക്കുന്ന ഓപ്പറേഷന്‍ സ്മൈല്‍ ഭാവനാപൂര്‍ണമായ പദ്ധതിയെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കൊറഗ വിഭാഗക്കാര്‍ക്ക് നഗറിനകത്തെ കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്ന 'ഓപ്പറേഷന്‍ സ്മൈല്‍' പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
അശരണരെ ചേര്‍ത്തുപിടിക്കുന്ന നിലപാടാണ് കേരള സര്‍ക്കാറിന്റേതെന്നും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാരുടെ ഭൂമി ഉറപ്പാക്കുന്നതിന് വലിയ പ്രാധാന്യമാണ് റവന്യൂ വകുപ്പ് നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ 51 നഗറുകളിലായി 539 കുടുംബങ്ങളുടെ 194 ഹെക്ടര്‍ ഭൂമി സംരക്ഷിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിക്ക് മന്ത്രി ആശംസകള്‍ നേര്‍ന്നു. പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച കളക്ടറെയും സര്‍വ്വേ, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.