സംസ്ഥാനത്ത് സമഗ്ര കന്നുകാലി ഇൻഷുറൻസ് നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി

chinchu-rani
chinchu-rani

കണ്ണൂർ : സംസ്ഥാനത്ത് സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പിന്റെ കണ്ണൂർ, മേഖലാ രോഗനിർണയ ലബോറട്ടറിയിലെ മൈക്രോബയോളജി, ബയോടെക്‌നോളജി വിഭാഗം ഉദ്ഘാടനവും 'ഗോവർധിനി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിന്റെ 52 കോടിയും കേരളത്തിന്റെ 40 ശതമാനം ഫണ്ടും ഉപയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ പശുക്കളെയും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാക്കും.

അടുത്ത മൂന്നു വർഷക്കാലം കൊണ്ട് ഇൻഷുറൻസ് പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
മൃഗസംരക്ഷണ മേഖലയിലെ ഉത്പാദന മികവ് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഗോവർധിനിയെന്ന് മന്ത്രി പറഞ്ഞു. നാല് മാസത്തിനും ആറ് മാസത്തിനുമിടയിലുള്ള, തെരഞ്ഞെടുക്കുന്ന കന്നുകുട്ടികൾക്ക് 30 മാസം വരെ മികച്ച ആരോഗ്യ സുരക്ഷ നൽകും. ആവശ്യമായ തീറ്റ 50 ശതമാനം സബ്സിഡി നിരക്കിൽ നൽകുകയും ചെയ്യും. 2024-25 സാമ്പത്തിക വർഷത്തിൽ 37,589 കന്നുകുട്ടികൾക്ക് ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇതിൽ 3,500 കന്നുകുട്ടികൾക്കുള്ള ആനുകൂല്യം ലഭിക്കുന്നത് കണ്ണൂർ ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു.
ഗോവർധിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ക്ഷീരകർഷകൻ സുരേഷ്ബാബുവിന് പദ്ധതിയുടെ പാസ്ബുക്ക് നൽകി മന്ത്രി നിർവ്വഹിച്ചു.

മൃഗസംരക്ഷണ വകുപ്പിൽ നൂതന സംരംഭങ്ങൾ ആരംഭി ക്കുമെന്നും മന്ത്രി പറഞ്ഞു.  മനുഷ്യരെ സംരക്ഷിക്കുന്നതുപോലെ മൃഗങ്ങളുടെ സംരക്ഷണത്തിനായി ഹെൽത്ത് കാർഡ് യാഥാർത്ഥ്യമാക്കും. കേരളത്തിലെ മുഴുവൻ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലൻസുകൾ നൽകും. ആദ്യഘട്ടമായി കണ്ണൂരിലെ രണ്ട് ബ്ലോക്കുകളിൽ ഉൾപ്പെടെ സംസ്ഥാനത്തെ 29 ബ്ലോക്കുകളിൽ വാഹനം എത്തിച്ചതായും മന്ത്രി പറഞ്ഞു. 1962 നമ്പറിൽ ബന്ധപ്പെട്ടാൽ രാത്രിയിലും കർഷകന്റെ വീട് മുറ്റത്ത് മെഡിക്കൽ സംഘം ഉൾപ്പെടുന്ന ആംബുലൻസ് സൗകര്യം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. പന്നിപ്പനി, പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പരിശോധിക്കാൻ മേഖലാ രോഗനിർണ്ണയ ലബോറട്ടറിയിലെ സംവിധാനങ്ങൾ വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പിന്റെ മലബാർ മേഖലയിലെ ഏക റഫറൽ ലബോറട്ടറിയാണ് കണ്ണൂർ മേഖലാ രോഗനിർണയ ലബോറട്ടറി. നിലവിൽ പാത്തോളജി, മോളിക്യുലാർ ബയോളജി വിഭഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. റിയൽ ടൈം പി സി ആർ ഉപയോഗിച്ച് മൃഗങ്ങളിലെ ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങളുടെ നിർണയവും വെറ്ററിനറി പബ്ലിക്ക് ഹെൽത്തുമായി ബന്ധപ്പെട്ട മൈക്രോ ബയോളജി വിഭാഗവുമാണ് ഇപ്പോൾ സജ്ജമാക്കിയിട്ടുള്ളത്.

രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ഡോ. വി ശിവദാസൻ എം.പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ എന്നിവർ വിശിഷ്ടാതിഥികളായി. മേഖലാ രോഗനിർണയ ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ.കെ പ്രീത റിപ്പോർട്ട് അവതരിപ്പിച്ചു.എൽ എം ടി സി മുണ്ടയാട് പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ ഡോ.ഒ.എം അജിത, ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം വിനോദ് കുമാർ, എസ് എൽ ബി പി ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ ഷൈനി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി. പ്രശാന്ത,് ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.കെ പത്മരാജ്, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി 'രോഗനിർണയം-നൂതന സാങ്കേതിക വിദ്യകളും സാധ്യതകളും', 'രോഗനിർണയത്തിൽ ലബോറട്ടറികളുടെ പ്രസക്തി' എന്നീ വിഷയങ്ങളിൽ ഡോ. പി.എസ് സൂര്യ, ഡോ. വർഷ മേരി മത്തായി, ഡോ. അനിൽകുമാർ നായർ എന്നിവരുടെ നേതൃത്വത്തിൽ സെമിനാറുകൾ നടന്നു.

Tags