ഒരു ലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും: മന്ത്രി ജി.ആർ.അനിൽ
Minister GR Anil

സംസ്ഥാനത്ത് പുതിയതായി ഒരു ലക്ഷം മുൻഗണനാ കാർഡുകൾ കൂടി വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ. 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി കാഞ്ഞിരംകുളം ജംഗ്ഷനിൽ സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അനർഹമായി ആരെങ്കിലും മുൻഗണനാ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ പാവപ്പെട്ടവർക്കുവേണ്ടി നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് സുഭിക്ഷാ ഹോട്ടലുകൾ. ഒരു നേരത്തെ ഉച്ചഭക്ഷണം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കി ജനങ്ങളുടെ വിശപ്പിന് പരിഹാരം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും പൊതുജനങ്ങൾ ആവേശത്തോടെ പദ്ധതിയെ ഏറ്റെടുത്തതായും മന്ത്രി പറഞ്ഞു.

കോവളം എം.എൽ.എ. അഡ്വ.എം.വിൻസെന്റിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ കുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ വൽസല കുമാർ, മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഭക്ഷ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Share this story