മുന്‍ഗണന റേഷന്‍ കാര്‍ഡുകളില്‍ പേരുള്ള അംഗങ്ങള്‍ മസ്റ്ററിങ് നടത്തണം: മന്ത്രി ജി.ആര്‍ അനില്‍
മുന്‍ഗണന റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ വിജയകരമായിപുരോഗമിക്കുകയാണെന്നും റേഷന്‍ കാര്‍ഡുകളില്‍ പേരുള്ള അംഗങ്ങള്‍ റേഷന്‍ കടകളിലെത്തി മസ്റ്ററിങ് നടത്തണമെന്നും ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ.ജി ആര്‍ അനില്‍ പറഞ്ഞു. ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സഞ്ചിരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം ആറളം ഫാമിലെ ഒമ്പതാം ബ്ലോക്കിലെ കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആര്‍ക്കെങ്കിലും മസ്റ്ററിങ്ങിന് എത്താന്‍ കഴിയാതെ വന്നാല്‍ അതിനുള്ള ബദല്‍ സംവിധാനം ആലോചിച്ച് നടപ്പാക്കും. ഭീതി പരത്തി ആളുകളെ മസ്റ്ററിങ്ങില്‍ നിന്നും പിന്തിരിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു. ഇതു വരെയുള്ള മസ്റ്ററിങ് സുതാര്യമായിനടപ്പിലാക്കുവാന്‍ സാധിച്ചെന്നും കണ്ണൂര്‍ ജില്ലയിലും മസ്റ്ററിങ് വിജയകരമായി നടപ്പാക്കാന്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണ കണക്ക് പ്രകാരം സംസ്ഥാനത്ത് 85 ശതമാനത്തിലധികം കുടുംബങ്ങള്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങിയെന്നും റേഷന്‍ വാങ്ങിയ മുന്‍ഗണന കാര്‍ഡുകാര്‍ 99 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും കഴിയുന്നത്ര ഭക്ഷ്യധാന്യം കൊടുക്കുവാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 136-ാമത്തെ സഞ്ചരിക്കുന്ന റേഷന്‍ കടയാണ് ആറളം ഫാമില്‍ മന്ത്രി ഉദ്ഘാടനം ചെയ്തത്.
അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍, ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, വാര്‍ഡ് മെമ്പര്‍ മിനി ദിനേശന്‍, അസി. കളക്ടര്‍ ഗ്രന്ഥേ സായി കൃഷ്ണ, ജില്ലാ സപ്ലൈ ഓഫീസര്‍ ജോര്‍ജ് കെ സാമുവല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.