കടുവകളുടെ സാന്നിദ്ധ്യം വയനാട് ജില്ലയില്‍ തെരച്ചില്‍ തുടരും: വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍


വയനാട് :കടുവകളുടെ സാന്നിദ്ധ്യമുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ലയിലെ വനമേഖലയില്‍ ഇന്ന് മുതല്‍ വ്യാഴാഴ്ച വരെ വ്യാപകമായ തെരച്ചില്‍ നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മാനന്തവാടി ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നരഭോജിയായ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയെങ്കിലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് വനം വകപ്പ് ഊര്‍ജ്ജിതമായ തെരച്ചില്‍ തുടരുന്നത്. നോര്‍ത്ത് - സൗത്ത് ഡിവിഷനുകളിലായി 6 മേഖലകളായി തിരിച്ചാണ് പ്രത്യേക ടീം തെരച്ചില്‍ നടത്തുക. കടുവ സാന്നിദ്ധ്യം സംശയിക്കുന്ന പ്രദേശങ്ങളും ഇതില്‍പ്പെടും. സര്‍ക്കാര്‍ ജനങ്ങളോടൊപ്പമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.